വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Sunday, July 6, 2025 12:49 AM IST
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ (ഐസിടിടി) കഴിഞ്ഞ ജൂണിൽ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകൾ) ചരക്കുകൾ കൈകാര്യം ചെയ്തു. മേയിലേതിനേക്കാൾ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജൂണിൽ, മദർഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ കൊച്ചിയിലെത്തി.
തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളിലേക്കു കൊച്ചി നേരിട്ട് ചരക്കുനീക്കം നടത്തിയെന്നും ഡിപി വേൾഡ് അധികൃതർ അറിയിച്ചു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്റെ വൈദ്യുതശേഷി മൂന്ന് എംവിഎയിൽ നിന്ന് അഞ്ച് എംവിഎയായി ഉയർത്തിയിട്ടുണ്ട്.
യാർഡ് ഉപകരണങ്ങളുടെ പൂർണമായ വൈദ്യുതീകരണംവഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചതായും ഡിപി വേൾഡ് കൊച്ചി, പോർട്ട്സ് ആൻഡ് ടെർമിനൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.