ലോക്ഡൗൺ ലംഘിച്ചു: ബംഗാളിൽ മൂന്നു ബിജെപി എംഎൽഎമാരെ കസ്റ്റഡിയിലെടുത്തു
Monday, May 17, 2021 12:23 AM IST
സിലിഗുഡി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബംഗാളിൽ മൂന്നു ബിജെപി എംഎൽഎമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് എംഎൽഎമാരെ വിട്ടയച്ചു. ശങ്കർ ഘോഷ്, ആനന്ദ്മയ് ബർമൻ, ശിഖ ചതോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വടക്കൻ ബംഗാളിൽ കോവിഡ് വ്യാപനം തടയാൻ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് എംഎൽഎമാർ ധർണ നടത്തിയിരുന്നു.
ലോക്ഡൗണിനിടെ ധർണ നടത്തിയ ബിജെപി എംഎൽഎമാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഗൗതം പറഞ്ഞു. ബംഗാളിൽ മേയ് 30 വരെ സന്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന കോവിഡ് കേസുകൾ ഇരുപതിനായിരത്തിന് അടുത്താണ്. കോവിഡ് മരണവും ഉയരുകയാണ്.