മഹാരാഷ്ട്രയിൽ നാശം വിതച്ച് മഴയും മണ്ണിടിച്ചിലും; 129 മരണം
Saturday, July 24, 2021 2:20 AM IST
മുംബൈ: മഹാരാഷ്ട്രയിൽ നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും. 48 മണിക്കൂറിനിടെ 129 പേർക്കാണു മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. തീരജില്ലയായ റായ്ഗഡിലെ തലായി ഗ്രാമത്തിൽ മാത്രം മണ്ണിടിച്ചിലിൽ 38 പേർ മരിച്ചു.
എൻഡിആർഎഫ്, പോലീസ്, ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്രാമത്തിലെ 30 വീടുകൾ പൂർണമായും തകർന്നു. സത്താറ ജില്ലയിലും മഴ നാശം വിതച്ചു. ഇവിടെ 27 പേർ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്.
സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളായ ഗോണ്ടിയ, ചന്ദ്രപ്പുർ എന്നിവിടങ്ങളിലും കനത്ത മഴ വ്യാപക നാശനഷ്ടമുണ്ടാക്കി. മഹാരാഷ്ട്രയിൽ 40 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയാണു ജൂലൈയിലുണ്ടായത്.
സത്താറ ജില്ലയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിൽ എട്ടു വീടുകൾ തകർന്നു. എന്നാൽ, മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രത്നഗിരി ജില്ലയിൽ മണ്ണിടിച്ചിലിൽ 10 പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിൽ രത്നഗിരി ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി.