നേപ്പാൾ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് മോദി
Tuesday, July 16, 2024 2:26 AM IST
ന്യൂഡൽഹി: മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ.പി. ശർമ ഓലിക്ക് ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആശംസകൾ നേർന്ന് മോദി പറഞ്ഞു. പരസ്പരം പ്രയോജനകരമായ സഹകരണങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകട്ടെയെന്നും മോദി എക്സിൽ കുറിച്ചു.
കോണ്‍ഗ്രസ് പാർട്ടിയുടെ പേരിൽ നേപ്പാൾ പ്രധാനമന്ത്രിക്ക് ആശംസ അറിയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏറ്റവും അടുത്ത അയൽരാജ്യമെന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സാമൂഹിക- സാംസ്കാരിക ബന്ധം നിലനിർത്തുന്നതായും അതു തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം എക്സിൽ പങ്കുവച്ചു.
ഇന്നലെയാണ് കെ.പി. ശർമ ഓലി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അധ്യക്ഷനായ ശർമ ഓലി പ്രധാനമന്ത്രിയായത്.