മസൂദ് അസറിനെ അറസ്റ്റ് ചെയ്യാൻ പാക് കോടതി ഉത്തരവ്
Sunday, January 10, 2021 12:03 AM IST
ലാഹോർ: ഇന്ത്യയുടെ 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഗുജരൻവാല ആന്റി-ടെററിസം കോടതി ഉത്തരവിട്ടു. ജനുവരി 18നു മുന്പ് ഹാജരാക്കാനാണു നിർദേശം.
2019 ഫെബ്രുവരി 14നുണ്ടായ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ ഏറ്റെടുത്തിരുന്നു. ഗുജരൻവാലയിൽനിന്ന് പിടികൂടിയ ആറു ഭീകരരിൽനിന്നാണ് ആക്രമണത്തിന് മസൂദ് സാന്പത്തിക സഹായം നല്കിയ വിവരം പുറത്തായത്. ഇതേത്തുടർന്ന് മസൂദിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ലഷ്കർ ഭീകരൻ സക്കീർ-ഉൾ-റഹ്മാൻ ലഖ്വിക്ക് കഴിഞ്ഞദിവസം പാക് ഭീകരവിരുദ്ധ കോടതി 15 വർഷം തടവുശിക്ഷ വിധിച്ചിരുന്നു.