ലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റ്
Wednesday, June 4, 2025 11:10 PM IST
സീയൂൾ: ദക്ഷിണകൊറിയയിലെ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും തകർന്ന ജനാധിപത്യ വ്യവസ്ഥയെ പുനരുദ്ധരിക്കുമെന്നും പുതിയ പ്രസിഡന്റ് ലീ ജേ മ്യുംഗ്. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ ജയിച്ച അദ്ദേഹം ഇന്നലെ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
പ്രായോഗികതയിലൂന്നിയ ഭരണം, അമേരിക്കയുമായുള്ള സൈനിക സഹകരണം ശക്തമായി തുടരാൻ നടപടികളെടുക്കുന്നതിനിടെ ഉത്തരകൊറിയയുമായി ചർച്ച, സാന്പത്തിക വികസനത്തിനു നിയന്ത്രണങ്ങൾ ലഘൂകരിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ ലീ നല്കി.
പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോൾ ഇംപീച്ച് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു ചൊവ്വാഴ്ച ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. യൂണിന്റെ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി കിം മൂൺ സൂവിനെയാണ് മുൻ പ്രതിപക്ഷ നേതാവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ലീ പരാജയപ്പെടുത്തിയത്.
പട്ടാളനിയമപ്രഖ്യാപത്തെത്തുടർന്ന് ഭിന്നിച്ചു നിൽക്കുന്ന കൊറിയൻ ജനതയെ ഒന്നിപ്പിക്കലും വാണിജ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ അനുനയിക്കപ്പലും ലീക്കു മുന്നിലുള്ള വെല്ലുവിളികളാണ്.