റിക്കാർഡുകൾ ഇല്ലാതെ ത്രോ ഇനങ്ങൾ
Saturday, November 16, 2019 11:25 PM IST
കണ്ണൂർ: റിക്കാർഡുകൾ ഇല്ലാതെ ആദ്യദിവസത്തെ ത്രോ ഇനങ്ങൾ. സംസ്ഥാന-ദേശീയ മീറ്റ് റിക്കാർഡുകളൊന്നും ഭേദിക്കാൻ ത്രോ ഇനങ്ങൾക്കായില്ല. ത്രോ ഇനങ്ങളിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. പരിശീലനത്തിന്റെ അഭാവമാണ് ത്രോ ഇനങ്ങളിൽ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കാത്തതെന്ന് കായികരംഗത്തെ വിദഗ്ധർ. ജാവലിൻ ത്രോയിൽ പരിശീലനത്തിന് ഗ്രൗണ്ട് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നും ശാസ്ത്രീയമായ പരിശീലനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നും അതിനാൽ ജാവലിൻ ത്രോയിൽ കുട്ടികൾ പിന്നോട്ടുപോകുകയാണെന്നും കായികരംഗത്തെ വിദഗ്ധർ പറയുന്നു.
ഇന്നലെ നടന്ന സബ് ജൂണിയർ ഗേൾസ് ഷോട്ട് പുട്ട്, ജൂണിയർ ബോയ്സ് ജാവലിൻ ത്രോ, സീനിയർ ഗേൾസ്, ബോയ്സ് ഡിസ്കസ് ത്രോ എന്നീയിനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. സീനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അല്പമെങ്കിലും സാധിച്ചത്.
ജൂണിയർ ഗേൾസ് ഷോട്ട് പുട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ വർഷ അതീഷിനാണ് സ്വർണം.10.73 മീറ്റർ ദൂരമാണ് വർഷ എറിഞ്ഞത്. 12.39 മീറ്റർ ദൂരമാണ് നിലവിലെ മീറ്റ് റിക്കാർഡ്. ജാവലിൻ ത്രോ ജൂണിയർ ബോയ്സ് വിഭാഗത്തിൽ പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ വിജയ് ബിനോയിക്കാണ് സ്വർണം. 49.39 മീറ്റർ ദൂരമാണ് എറിഞ്ഞത്. 61.66 മീറ്ററാണ് നിലവിലെ സംസ്ഥാന റിക്കാർഡ്. എന്നാൽ, ഇതിന്റെ അടുത്തുപോലും എത്താൻ താരങ്ങൾക്കായില്ല.
ഇന്നറിയാം വേഗതാരങ്ങളെ
സ്കൂൾ കായികമേളയുടെ വേഗതാരങ്ങളെ ഇന്നറിയാം. മീറ്റിലെ വേഗമേറിയ താരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റർ പോരാട്ടങ്ങൾ ഇന്ന് അരങ്ങേറും. ഉച്ചകഴിഞ്ഞാണ് സബ് ജൂണിയർ, ജൂണിയർ, സീനിയർ ആണ്-പെണ് വിഭാഗം 100 മീറ്റർ ഫൈനലുകൾ. 400 മീറ്റർ ഹർഡിൽസാണ് ഇന്നത്തെ മറ്റൊരു സൂപ്പർ പോരാട്ടം. ഇന്ന് ആകെ 23 ഫൈനലുകളാണുള്ളത്.