ഇന്ത്യ, ബ്ലാസ്റ്റേഴ്സ് കളത്തിൽ
Thursday, November 25, 2021 12:29 AM IST
കാണ്‍പുർ/മഡ്ഗാവ്: ഇന്ത്യൻ ക്രിക്കറ്റ് ടീമും ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സും ഇന്ന് കളത്തിൽ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനായാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡും ഫൈനലിൽ തോറ്റ ഇന്ത്യയും അടുത്ത പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാണ്‍പുരിൽ തുടക്കമാകും.
കാണ്‍പുരിൽ ആദ്യമായി ഒരു ടെസ്റ്റ് ജയമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരേ ജയം നേടാമെന്ന പ്രതീക്ഷയിലാണു കിവീസ്. ശ്രേയസ് അയ്യർ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രഹാനെ പറഞ്ഞു.