വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു
എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചതോടുകൂടി തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി.
മൂന്നിന് രാവിലെ 5.45ന് ഫാ. അലന് വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നായിരുന്നു വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം തിരുനടയില്‍നിന്ന് ദേവാലയ കവാടത്തിലേക്ക് സംവഹിക്കപ്പെട്ടത്. തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ പള്ളി പരിസരത്തും സമീപത്തെ വീടുകളിലും സ്കൂളുകളിലും താമസം ആരംഭിച്ചിട്ടുണ്ട്. പ്രധാന തിരുനാള്‍ദിനമായ ഏഴുവരെ ഇവര്‍ ഇവിടെ ഉണ്ടാകും.
നാളെ നടക്കുന്ന ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിരുനാള്‍ പ്രദക്ഷിണത്തിലും ഗീവര്‍ഗീസ് സഹദായുടെ രൂപവും ചെറിയ രൂപങ്ങളും കൊടിയും കുടകളും കുരിശുമൊക്കെ വഹിക്കുന്നത് തമിഴ്നാട്ടില്‍നിന്നുള്ള ഭക്തജനങ്ങളാണ്. ഇത് അവര്‍ക്കുള്ള പരമ്പരാഗതമായ അവകാശമാണ്. കന്യാകുമാരി, മാര്‍ത്താണ്ടം, രാജാക്കമംഗലം പ്രദേശത്തെ തീര്‍ഥാടകരാണ് ഏറെയും എത്തുന്നത്.
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍, പള്ളി പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ഓര്‍മിക്കുന്ന രീതിയില്‍ പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവഴികളില്‍ ഭക്തര്‍ കുരിശ് ചുമന്നും തലയില്‍ ഇഷ്ടികവച്ച് മുട്ടിലിഴഞ്ഞും വലംവയ്ക്കാന്‍ തുടങ്ങി.
കൊടിമരച്ചുവട്ടില്‍ ഒഴിച്ച എണ്ണ ഭക്തര്‍ ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുന്നതും തലയില്‍ തേച്ച് പമ്പാനദിയില്‍ കുളിക്കുന്നതും തിരുനാള്‍ ദിനങ്ങളിലെ പതിവുകാഴ്ചയാണ്.
തിരുനാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് പള്ളി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
വാട്ടര്‍ അഥോറിറ്റി പള്ളിപരിസരങ്ങളില്‍ അമ്പതോളം പൊതുടാപ്പുകള്‍ സ്ഥാപിച്ചു. തിരുനാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും കെഎസ്ആര്‍ടിസിയുടെ താത്കാലിക ഡിപ്പോയ്ക്കുമായി സെന്റ് അലോഷ്യസ് കോളജ് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട്.
കന്യാകുമാരി, മാര്‍ത്താണ്ഡം, തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കോളജ് മൈതാനത്തും ജോര്‍ജിയന്‍ ഇംഗ്ലീഷ് മീഡിയം, സെന്റ് മേരീസ്, സെന്റ് അലോഷ്യസ് എന്നീ സ്കൂള്‍ മൈതാനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
മേയ് ഏഴിന് ആണ് പ്രധാന തിരുനാള്‍. 14-ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. തിരുനാളിന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോട്ടാര്‍ രൂപത എമിരിറ്റസ് ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസ്, തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, കുഴിത്തുറൈ രൂപത ബിഷപ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും.
കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജയിംസുകുട്ടി കന്നേല്തോട്ടുകടവില്, പി.കെ ഫ്രാന്‍സിസ് കണ്ടത്തിപ്പറമ്പില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, ജോയിന്റ് കണ്‍വീനര്‍മാരായ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജയിന് മാത്യു കറുകയില്‍, കൂടാതെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരും തിരുനാളിന് നേതൃത്വം നല്കുന്നു.