പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കവാടമായ നെടുമങ്ങാട് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.
ജനപ്രതിനിധികളുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായ ഇൻഫർമേഷൻ സെന്റർ ഇപ്പോഴും കടലാസിൽതന്നെ. പൊന്മുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കവാടമാണ് നെടുമങ്ങാട്. മലയോര മേഖലയായ നെടുമങ്ങാട്-വിതുര-പാലോട് എന്നിവിടങ്ങളുടെ സമീപ പ്രദേശങ്ങളിൽ മനോഹരമായ നിരവധി സ്ഥലങ്ങൾ ഉണ്ട്. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ നെടുമങ്ങാട് സ്ഥാപിച്ചാൽ ഇത് ടൂറിസം രംഗത്തു പുത്തൻ ഉണർവാകും.
അരുവിക്കര, പേപ്പാറ ഡാമുകൾ, കല്ലാർ ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടം, ബ്രൈമൂർ, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, നെടുമങ്ങാട് കോയിക്കൽ കൊട്ടാരം, വാഴ്വാന്തോൾ വെള്ളച്ചാട്ടം, ബോണക്കാട്, തിരിച്ചിട്ട പാറ, അമ്മാവൻ പാറ, പാണ്ടിപ്പത്ത് ട്രക്കിംഗ് മേഖല, മങ്കയം വെള്ളച്ചാട്ടം, ചെല്ലഞ്ചി വെള്ളച്ചാട്ടം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണു മേഖലയിലുള്ളത്. വിദേശത്തുനിന്നടക്കം ദിവസേനയെത്തുന്ന സഞ്ചാരികൾക്കും ഗവേഷകർക്കും ഇവിടങ്ങളിലെ കാഴ്ചകളെക്കുറിച്ചും യാത്രാസൗകര്യങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാൻ നിലവിൽ സംവിധാങ്ങളില്ല. കൃത്യമായ ദിശാസൂചകങ്ങളോ വിവരകേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ യാത്രികർ വഴിതെറ്റി മറ്റു പ്രദേശങ്ങളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി നെടുമങ്ങാട് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ആരംഭിക്കണം. ഇൻഫർമേഷൻ സെന്റർ യാഥാർഥ്യമാകുന്നതിലൂടെ സഞ്ചാരികളുടെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമാകും.
ആർ.വി. പ്രവീൺ (ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്)
ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ നെടുമങ്ങാട് ആരംഭിക്കണം. കെഎസ് ആർടിസി ബജറ്റ് ടൂറിസം പാക്കേജ് വിവരങ്ങൾ, അംഗീകൃത റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഗൈഡുകളുടെ സേവനങ്ങൾ, ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കണം.
മൂഴിയിൽ മുഹമ്മദ് ഷിബു (ചെയർമാൻ, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി)
നെടുമങ്ങാട് നഗരസഭ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ മുൻകൈ എടുക്കണം. മുന്പ് പതിനൊന്നം കല്ലിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ നടപടികൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. മലയോര ടൂറിസം മേഖലയുടെയും പ്രാദേശിക വ്യാപാരികളുടെയും വളർച്ചയ്ക്ക് ഇത് മുതൽക്കൂട്ടാകും.
ടി. അർജുനൻ (നഗരസഭ കൗൺസിലർ )
Tags : tourist information NattuVishasham DistrictNews