റോഡിൽ ഒടിഞ്ഞുവീണ വൈദ്യുത തൂണുകളും കന്പികളും.
അടൂർ: ടോറസിന്റെ പിൻഭാഗം വൈദ്യുതി ലൈനിൽ കുരുങ്ങിയതിനേത്തുടർന്ന് അടൂർ ഹോളിക്രോസ് – ആനന്ദപ്പള്ളി റോഡിൽ അഞ്ച് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു. മീറ്ററുകളോളം വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും കേബിൾ ടിവി ലൈനുകളും ഉപകരണങ്ങളും തകർന്നു.
വൈദ്യുതിത്തൂണുകൾ റോഡിലേക്കു വീണതിനേത്തുടർന്ന് റോഡിനും തകരാറുകളുണ്ടായി. വൈദ്യുതി വകുപ്പിന്റെ കണക്കുപ്രകാരം രണ്ടുലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹോളിക്രോസ് ജംഗ്ഷൻ ഭാഗത്തുനിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന ടോറസാണ് അപകടമുണ്ടാക്കിയത്.
വിളനിലം കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ കയറ്റം കയറുന്നതിനിടെ ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതികമ്പിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ടുപോയതോടെ ഒന്നിനു പിന്നാലെ ഒന്നായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീഴുകയായിരുന്നു. അടൂർ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.
അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടമുണ്ടാക്കിയ ടോറസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Tags : Accident NattuVishasham DistrictNews