ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം ദീപപ്രഭയില്‍.
ചകുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല ഇന്ന് നടക്കും. പൊങ്കാലയില്‍ പങ്കെടുക്കാനുള്ള തീര്‍ഥാടകര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്നു. കഠിനവ്രതത്തിന് ശേഷമാണ് ഭക്തര്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
ക്ഷേത്രത്തില്‍ നിന്ന് കിലോമീറ്ററോളം ദൂരത്തില്‍ പൊങ്കാല കലങ്ങള്‍ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കുന്നത്. 3000 ഓളം വോളന്റിയേഴ്സ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
വിവിധ ഡിപ്പാര്‍മെന്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സാമുദായിക-സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകള്‍ പൊങ്കാല നടത്തിപ്പിന് നേത്യത്വം നല്‍കും. സുരക്ഷ ക്രമീകരണങ്ങള്‍ക്ക് പൊലിസ്, ഫയര്‍ഫോഴ്സ്, എക്സൈസ് എന്നിവരുടെ നേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പൊലിസ് മേധാവിമാരുടെയും നേത്യത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്‍പതിന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും. 10 ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് ദേവിയെ മൂലബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാലയില്‍ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാലയുടെ സന്ദേശവും, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത് ഉത്സവകമ്മിറ്റി സെക്രട്ടറി എം.പി. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രാദേശിക അവധി
എടത്വ:ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ ഇന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.
തിരുവല്ല താലൂക്കിനും അവധി
ചക്കുളത്ത്കാവ്: ചക്കുളത്ത് കാവ് പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.