കുറ്റിക്കാട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽ തള്ളിയ നിലയിൽ.
അമ്പലപ്പുഴ: ക്ഷേത്രത്തിനു മുന്നിലെ കുറ്റിക്കാട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽ തള്ളി. പ്രതിഷേധവുമായി ഭക്തർ. ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന് മുന്നിലാണ് ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽകെട്ടി തള്ളിയത്. ദേശീയപാതയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മുന്നിലെ കുറ്റിക്കാട്ടിലാണ് ഇവ കഴിഞ്ഞ രാത്രിയിലിട്ടത്.
ദുർഗന്ധം മൂലം ഇതിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത പുനർനിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടന്നുവന്നത് ഈ ഭാഗത്ത് നിലച്ചിരിക്കുകയാണ്. ഇതോടെയാണ് ക്ഷേത്രത്തിന് മുന്നിൽ കുറ്റിക്കാടായത്.
ഇപ്പോൾ ക്ഷേത്രത്തിന്റെ മുന്നിലെ ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറി. ഏതാനും മാസം മുൻപ് കോൺക്രീറ്റ് മാലിന്യവും ക്ഷേത്ര പരിസരത്തും ക്ഷേത്രക്കുളത്തിലുമായി തള്ളിയിരുന്നു. വിവാഹച്ചടങ്ങിന്റെ മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ക്ഷേത്രത്തിന് മുന്നിൽ നിക്ഷേപിച്ചിരിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ച് കുറ്റക്കാ രെ കണ്ടെത്തണമെന്നാണ് ഭക്തരുടെ ആവശ്യം.