ആലപ്പുഴ: രാജ്യത്തെ എയ്ഡ്സ് മുക്തമാക്കാൻ ആരംഭിച്ച മൊബിലൈസേഷൻ ഓഫ് എയ്ഡ്സ് സുരക്ഷാ പദ്ധതിയിൽ നിർണായക നേട്ടം സ്വന്തമാക്കി ആലപ്പുഴ ജില്ല.
പദ്ധതിയുടെ ഭാഗമായി രോഗബാധിതരെ പ്രാരംഭദിശയിൽ കണ്ടെത്തുക, രോഗബാധിതർക്ക് ആന്റി റെട്രോവൈറൽ ചികിത്സ ലഭ്യമാക്കുക, ചികിത്സയിലുള്ളവർക്ക് വൈറസിന്റെ അളവ് നിയന്ത്രണവിധേയമാക്കുക എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം ജില്ല നടത്തി.
1378 പേരെ രോഗബാധിതരായി കണ്ടെത്തി. ഇവരിൽ 1339 പേർക്ക് ആന്റിറെട്രോവൈറൽ ചികിത്സ ലഭ്യമാക്കി. 1161 പേർക്ക് ഇതിനോടകം രോഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഇതോടെ നാകോയുടെ (നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷൻ) സുരക്ഷിത്ത് വിഭാഗത്തിൽ ജില്ലയും ഉൾപെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എയ്ഡ്സ്/പുകയിലവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോക എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്നുവരെ ബോധവത്കരണ പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനയായി. എയ്ഡ്സ് ദിനാചരണ പരിപാടികൾക്കൊപ്പം പുകയില വിരുദ്ധ അവബോധ പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങൾ അവയുടെ നിയന്ത്രണത്തിലുള്ള ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും സ്ക്രീനിംഗ് ക്യാമ്പുകളും ഒരുക്കും.
പൊതുസ്ഥലങ്ങളിൽ പരിശോധനകൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കും. ഡിസംബർ ഒന്നിന് ചേർത്തല കേന്ദ്രമാക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ചേർത്തല താലൂക്കാശുപത്രി മുതൽ നഗരകേന്ദ്രം വരെ റാലി സംഘടിപ്പിക്കും.
ആലപ്പുഴ ബീച്ചിൽ 30ന് ദീപം തെളിക്കൽ ചടങ്ങു നടത്തും. തദ്ദേശസ്ഥാപനത്തലങ്ങളിൽ ബ്രേക്ക് ഫ്രീ ബോധവത്കരണ ക്യാമ്പയിൻ നടത്തും. സാമൂഹമാധ്യമങ്ങൾ മുഖേന പ്രചാരണം ശക്തമാക്കും. ആശ വർക്കർമാർ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കും.
യുവതലമുറയെ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികൾ നടത്തുമെന്നും യോഗത്തിൽ അറിയിച്ചു. എഡിഎം സി. പ്രേംജി യോഗത്തിൽ അധ്യക്ഷനായി. ജില്ലാ എയ്ഡ്സ് കൺ ട്രോൾ ഓഫീസർ വി.എസ്. വിൻസി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. അനൂപ്, ഡോ. ആനന്ദ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Alappuzha achieves a significant Nattuvishesham DistrictNews