ആലപ്പുഴ: കുട്ടനാടിന്റെ പരിസ്ഥിതി പൈതൃകവും കാർഷിക-തൊഴിൽ സംസ്കാരവും സംരക്ഷിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള കുട്ടനാട് വെറ്റ്ലാൻഡ് ഇന്റർപ്രെറ്റേഷൻ സെന്ററിന് അടിയന്തര കേന്ദ്രാനുമതിയും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. ഏകദേശം 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാവശ്യമായ കേന്ദ്രതല അനുമതികളും സഹായവും വേഗത്തിൽ ലഭ്യമാക്കണമെന്നാണ് എംപിയുടെ ആവശ്യം.
വേമ്പനാട് കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാടൻ ഇനിഷ്യേറ്റീവ്സും സ്റ്റേറ്റ് വെറ്റ്ലാൻഡ് അഥോറിറ്റി കേരളയും കേന്ദ്രസർക്കാരിന് സമർപ്പിച്ച ഡിപിആറിലാണ് കുട്ടനാട് വെറ്റ്ലാൻഡ് ഇന്റർപ്രെറ്റേഷൻ സെന്റർ സ്ഥാപിക്കാനുള്ള നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടനാടിലെ പ്രദേശവാസികളുടെ ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതി സഹായകമാകും. നിലവിൽ കുട്ടനാട്ടിലെ വിനോദസഞ്ചാര മേഖല അസംഘടിതമാണ്.
അതിനാൽ അതിന്റെ സാമ്പത്തിക നേട്ടങ്ങൾ പരമ്പരാഗത കർഷകരിലേക്കും തൊഴിലാളികളിലേക്കും ചെറുകിട സംരംഭകരിലേക്കും വേണ്ടത്ര എത്തുന്നില്ലെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കയർ നിർമാണം, മുള ഉത്പന്നങ്ങളുടെ നിർമാണം, തോണി നിർമാണം, ചൂരൽപ്പണികൾ, മൺപാത്ര നിർമാണം തുടങ്ങിയ പരമ്പരാഗത തൊഴിൽമേഖലകളുടെ പ്രദർശന ഗാലറികളും തത്സമയ പ്രദർശന സംവിധാനങ്ങളും ഇവിടെ ഒരുക്കും. കുട്ടനാടിന്റെ സവിശേഷമായ സമുദ്രനിരപ്പിന് താഴെയുള്ള കൃഷിരീതികളും ജലപരിപാലന സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിനുള്ള പ്രദർശനങ്ങളും കേന്ദ്രത്തിന്റെ ഭാഗമായിരിക്കും.
വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനം പ്രാദേശിക ജനവിഭാഗങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനൊപ്പം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിൽരീതികളും കലാരൂപങ്ങളും സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.
വിദ്യാർഥികൾ, ഗവേഷകർ, കർഷകർ, പരിസ്ഥിതി സഞ്ചാരികൾ എന്നിവർക്കായി ഗവേഷണം, രേഖപ്പെടുത്തൽ, പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും കേന്ദ്രം പ്രയോജനപ്പെടും. വേമ്പനാട് കായലിന്റെ പരിസ്ഥിതിപരമായ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതിക്ക് അനുകൂലമായ പരിഗണന നൽകണമെന്നും ആവശ്യമായ കേന്ദ്രാനുമതികളും സാമ്പത്തിക സഹായവും എത്രയും വേഗം ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
Tags : Protect Kuttanad’ Nattuvishesham DistrictNews