അനില്‍കുമാര്‍
ചേര്‍ത്തല: കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ജീവനക്കാരനെ താമിസിച്ചിരുന്ന ലോഡ്ജിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുന്നത്തുകാല്‍ ചെറിയകൊല്ല നരികോഡ് അനില്‍ഭവനില്‍ എസ്. അനില്‍കുമാര്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നഗരസഭ 11-ാം വാര്‍ഡിലെ മാലിച്ചിറ തോട്ടില്‍ മൃതദേഹം കണ്ടത്. രണ്ടുദിവസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. പൊലിസെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഒരുവര്‍ഷം മുമ്പാണ് അനില്‍കുമാര്‍ തിരുവനന്തപുരത്തു നിന്നും ചേര്‍ത്തല ഡിപ്പോയിലേക്കു സ്ഥലം മാറിയെത്തിയത്. പ്രദേശത്തെ ലോഡ്ജില്‍ ഒറ്റയ്ക്കായിരുന്നു താമസം. തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് പൊങ്ങിക്കിടക്കുന്ന നിലയിൽ നാട്ടുകാർ ശ്രദ്ധിച്ചത്.
ഉടൻ തന്നെ നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ആഴവും വീതിയും കുറഞ്ഞ തോട്ടില്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ശബരിമല തീര്‍ഥാടനത്തില്‍ പമ്പയില്‍ സ്പെഷല്‍ ഡ്യൂട്ടിക്കായി ഈ മാസം 13ന് അനില്‍കുമാറിന് ചേര്‍ത്തല ഡിപ്പോയില്‍ നിന്നും വിടുതല്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, പമ്പയിലേക്കു പോകാതെ ലോഡ്ജ് മുറിയില്‍ തന്നെ തുടരുകയായിരുന്നുവെന്നാണ് വിവരം. പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലിസ് അറിയിച്ചു.
Tags : KSRTC employee Nattuvishesham DistrictNews