ആലപ്പുഴ: രാജ്യത്തെ പൗൾട്രി വ്യവസായത്തിന്റെ വളർച്ചയ്ക്കും ആഗോളതലത്തിലുള്ള സാങ്കേതികവിദ്യകളുടെയും നൂതന സംരംഭങ്ങളുടെയും വിവര കൈമാറ്റത്തിനും പുതിയ ദിശാബോധം പകരുന്ന പൗൾട്രി ഇന്ത്യ ട്രേഡ് ഫെയർ ഈ മാസം 24 മുതൽ 27 വരെ ഹൈദരാബാദിലെ ഹൈടെക് സിറ്റിയിൽ അരങ്ങേറും. പൗൾട്രി ഇന്ത്യ, ഓൾ കേരള പൗൾട്രി ഫെഡറേഷൻ, കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെയാണ് രാജ്യാന്തര പ്രാധാന്യമുള്ള വ്യവസായ പ്രദർശനം സംഘടിപ്പിക്കുന്നത്.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി മേള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ, രാജ്യാന്തര ബിസിനസ് പ്രതിനിധികൾ, പൗൾട്രി മേഖലയിലെ നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടും.
പൗൾട്രി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ, ആധുനിക ഉത്പാദന സംവിധാനങ്ങൾ, നൂതന സംരംഭങ്ങൾ, വിപണന സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുന്നതിനുള്ള വിപുലമായ വേദിയായിരിക്കും ട്രേഡ് ഫെയർ.
വ്യവസായത്തിന്റെ ഭാവി സാധ്യതകൾ വിലയിരുത്തുന്നതിനും സംരംഭകരും സാങ്കേതിക വിദഗ്ധരും നിക്ഷേപകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മേള വഴിയൊരുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പിന്തുണയും പരിപാടിക്കുണ്ടാകും.
കേരളത്തിൽനിന്ന് 2,500ലധികം ബിസിനസ് പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം. താജുദ്ദീൻ അറിയിച്ചു.
കേരളത്തിന്റെ പൗൾട്രി വ്യവസായ മേഖലയ്ക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ അവസരങ്ങൾ തുറന്നുനൽകാൻ ഈ പങ്കാളിത്തം സഹായകമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തെ ഫെഡറേഷൻ സംസ്ഥാന ട്രഷറർ ആർ. രവീന്ദ്രൻ നയിക്കും.
Tags : Poultry India Trade Fair Nattuvishesham DistrictNews