പ്രതീകാത്മക ചിത്രം
പാലാ: വെറും നൂറു മീറ്റര്‍ മാത്രമുള്ള പാലാ ജനറല്‍ ആശുപത്രി റോഡ് നിര്‍മാണത്തിന് ജനം കാത്തിരിക്കേണ്ടി വന്നത് ഒരു വര്‍ഷം. ഇനിയും പണി തീര്‍ക്കാതെ നീട്ടിക്കൊണ്ടു പോകരുതെന്ന് വകുപ്പ് മേധാവികൾക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ നിര്‍ദേശം നല്കി.അനിശ്ചിതമായി നീളുന്ന പാലാ ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് നിര്‍മാണം പൂര്ത്തിയാക്കാത്തതിനെതിരേയുള്ള പരാതികളെത്തുടര്‍ന്ന് ഇന്നലെ ചെയര്‍പേഴ്സന്റെ ചേംബറില്‍ പൊതുമരാമത്ത് റോഡ് വിഭാഗം, വാട്ടര്‍ അഥോറിട്ടി, വൈദ്യുതി വിഭാഗം, ആശുപത്രി അധികൃതർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്താണ് റോഡ് തുറന്നുകൊടുക്കേണ്ട അടിയന്തര സാഹചര്യം ചെയര്‍പേഴ്സണ്‍ വിശദീകരിച്ചത്. ഈമാസം 30ന് മുന്‍പ് റോഡ് തുറന്നു കൊടുക്കാനാവും വിധം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാവണമെന്ന് ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. റോഡ് നിര്‍മാണത്തില്‍ നഗരസഭയ്ക്ക് ഒരു പങ്കുമില്ലാത്ത സാഹചര്യത്തിലും പഴി കേള്‍ക്കുന്ന സാഹചര്യമാണ് വകുപ്പുകളുടെ തര്‍ക്കങ്ങള്‍ മൂലം ഉണ്ടായിരിക്കുന്നത്.
റോഡ് ടാറിംഗിനായുള്ള സ്ഥലത്ത് യാതൊരു തടസവുമില്ലെന്നും പൈപ്പ് സ്ഥാപിക്കലും ഓട നിര്‍മാണവും സബന്ധിച്ചു നടക്കുന്ന തര്‍ക്കവും ഏകോപനമില്ലായ്മയുമാണ് റോഡ് നിര്‍മാണം നീണ്ടുപോകാൻ കാരണ മെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തെ അറിയിച്ചു.
പിഡബ്ല്യുഡി മുന്‍കൂട്ടി സമയം നിശ്ചയിച്ചാല്‍ ഒരു ദിവസം കൊണ്ട് അവശേഷിക്കുന്ന പൈപ്പുകള്‍ സ്ഥാപിക്കാനും വാട്ടര്‍ അഥോറിട്ടിയുമായി ബന്ധപ്പെട്ട എല്ലാ പണികളും തീര്‍ക്കുവാനും തയാറാണെന്ന് വാട്ടര്‍ അഥോറിട്ടി അധികൃതര്‍ വിശദീകരിച്ചു. വൈദ്യുതിപോസ്റ്റ് മാറ്റുന്നതിന് തുക അടച്ചാല്‍ ഉടന്‍ മാറ്റുവാന്‍ തയാറാണെന്ന് കെഎസ്ഇബിയും അറിയിച്ചു. റോഡിനായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് മറ്റു തടസങ്ങള്‍ ഇല്ല എന്ന് റോഡ് വിഭാഗവും അറിയിച്ചു. തര്‍ക്കങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തീര്‍ത്ത് പണികള്‍ പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുക്കണമെന്ന് ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. സോളിംഗ് നടത്തി ഉറപ്പിച്ച് ചെളിയും പൊടിയും ഉണ്ടാകാത്ത വിധമുള്ള പ്രാഥമിക ടാറിംഗ് നടത്തി വാഹനയാത്ര സാധ്യമാക്കണം. യോഗത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം പ്രധാന ഉദ്യോഗസ്ഥന് പങ്കെടുക്കാത്തതില്‍ ചെയര്‍പേഴ്സണ്‍ പ്രതിഷേധം അറിയിച്ചു.
വൈസ് ചെയര്‍പേഴ്സൺ ബിജു മാത്യൂസ്, കൗണ്‍സിലര്‍ ബിജു പാലൂപ്പടവന്, നഗരസഭാ സെക്രട്ടറി എം.എസ്.ആകാശ്, പിഡബ്ല്യുഡി റോഡ് വിഭാഗം അസി. എന്‍ജിനിയര്‍ കെ.ജി. രജിത, വാട്ടര്‍ അഥോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍. ശ്രീജിത്ത്, അസിസ്റ്റന്റ് എന്‍ജിനിയര്‍ രാജി ദാമോദര്‍, കെഎസ്ഇബി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കെ. മനോജ്, ആര്‍എംഒ ഡോ. രാജേഷ് ബാബു, പാസഞ്ചേഴ്സ് അസോസിയേഷനുവേണ്ടി ജയ്സണ്‍ മാന്തോട്ടം എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വഴിയോര കച്ചവടക്കാരെ സംരക്ഷിക്കും: നഗരസഭയില്‍ പ്രമേയം
പാലാ: ജനറല്‍ ആശുപത്രിക്കു മുന്നില്‍ വര്‍ഷങ്ങളായി കഞ്ഞിയും പാലും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന പ്രമേയം പാലാ നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
നഗരസഭയുടെ തീരുമാനം ജില്ലാ കളക്ടറെ ഔദ്യോഗികമായി അറിയിക്കാനും യോഗം തീരുമാനിച്ചു. നഗരവികസന മുന്നണി കണ്‍വീനര്‍ ബിജു പാലൂപ്പടവൻ അവതാരകനായും ഭരണപക്ഷ കൗണ്‍സിലര്‍ ലീന സണ്ണി അനുവാദകയായും അവതരിപ്പിച്ച പ്രമേയമാണ് കൗണ്‍സില്‍ അംഗീകരിച്ചത്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതില്‍ വര്‍ഷങ്ങളായി ഇത്തരം ചെറുകിട കച്ചവടക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇവരുടെ ഉപജീവനമാര്‍ഗം പൂര്‍ണമായും ഇല്ലാതാക്കാതെ മാനുഷിക പരിഗണന നല്കി പുനരധിവസിപ്പിക്കണമെന്ന നിലപാടാണ് പ്രമേയത്തിലൂടെ നഗരസഭ മുന്നോട്ടുവച്ചത്.
ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങളും തീരുമാനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവയെ മറികടക്കുന്ന തരത്തില്‍ തീരുമാനമെടുക്കാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നാണ് യുഡിഎഫ് നിലപാട്. പ്രമേയം ചര്‍ച്ചയ്ക്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമായ യുഡിഎഫിലെ കൗണ്‍സിലര്‍മാരാരും ഹാജരായിരുന്നില്ല.
പ്രമേയം അംഗീകരിച്ചതോടെ ആശുപത്രിക്കു മുന്നിലെ ചെറുകിട കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച തുടര്‍നടപടികള്‍ ഇനി ജില്ലാ കളക്ടറുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.