പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ക്യാന്പ് ഇന്നും നാളെയും ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും. 100ൽ അധികം പ്രതിനിധികൾ പങ്കെക്കുന്ന ക്യാന്പിന് ഇന്നു രാവിലെ ഒന്പതിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും.ബത്തേരി, മാനന്തവാടി, കോഴിക്കോട്, താമരശേരി രൂപതകളിൽനിന്നുള്ള പ്രതിനിധികളും ബത്തേരി രൂപത ആതിഥ്യം വഹിക്കുന്ന ക്യാന്പിൽ പങ്കെടുക്കും.
ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.മനോജ് രാവിലെ 9.15 മുതൽ 12.15 വരെ ശിൽപശാല നയിക്കും. 2.15 മുതൽ 1.15 വരെ സംഘടനാ ചർച്ചയും അധ്യാപകരെ ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണവും നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. പുഞ്ചിരിമട്ടം ദുരന്തബാധിത കുടുംബത്തിന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന കമ്മിറ്റി 13 ലക്ഷം രൂപ ചെലവിൽ കൽപ്പറ്റ മുണ്ടേരിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി നടത്തും. ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയാകും.
മുണ്ടേരിയിൽ അഞ്ച് സെന്റ് സ്ഥലം ഭവന നിർമാണത്തിന് സൗജന്യമായി നൽകിയ ബിഷപ് ഡോ.ജോസഫ് മാർ തോമസിനെയും ഭവനനിർമാണത്തിന് നേതൃത്വം നൽകിയവരെയും വൈദികരെയും മന്ത്രി ആദരിക്കും. ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ മന്ത്രിക്ക് വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം നൽകും.
ക്യാന്പ് അംഗങ്ങൾ വൈകുന്നേരം നാലിന് കാരാപ്പുഴയിൽ സന്ദർശനം നടത്തും. രാത്രി 8.30 മുതൽ 10.30 വരെ ശ്രേയസ് പ്രഫഷണൽ ട്രൂപ്പിന്റെ ’തുടിതാളം’ കലാപരിപാടി അരങ്ങേറും. ക്യാന്പ് അംഗങ്ങൾ നാളെ രാവിലെ ആറിന് മുത്തങ്ങ വന്യജീവിസങ്കേതവും തുടർന്ന് ഗുണ്ടൽപേട്ട പൂപ്പാടവും സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് ക്യാന്പ് അവലോകനം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും.
Tags : State Camp NattuVishasham DistrictNews