പ്രതീകാത്മക ചിത്രം
നിലന്പൂർ: നിലന്പൂർ ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടിടെ മദ്യപിച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സ്പെഷൽ എഡ്യുക്കേറ്റർമാർ.
വ്യാജ വീഡിയോക്കെതിരേ നൽകിയ പരാതിയിൽ നിസാര വകുപ്പുകൾ ചേർത്താണ് പൊലിസ് കേസെടുത്തതെന്നും സ്പെഷൽ എഡ്യുക്കേറ്റർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻ ബിപിസി ബിആർസിയിൽ നടത്തിയ സാന്പത്തിക ക്രമക്കേടിനും കൃത്യവിലോപത്തിനുമെതിരേ നടക്കുന്ന അന്വേഷണമാണ് സ്പെഷൽ എഡ്യുക്കേറ്റർമാർക്കെതിരേ വ്യാജ പ്രചാരണം നടത്താൻ കാരണമെന്ന് ഇവർ പറഞ്ഞു.
നിലന്പൂർ ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടെ മദ്യപിച്ചുവെന്ന രീതിയിലാണ് സമൂഹ്യ മാധ്യമങ്ങളിലും മറ്റും വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ തീർത്തും തമാശക്കായി എടുത്ത രണ്ട് വീഡിയോകൾ ചേർത്ത് എഡിറ്റ് ചെയ്ത് ഒറ്റ വീഡിയോ ആക്കി സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടിടെ മദ്യപിച്ചുവെന്ന് പ്രചരിപ്പിക്കുകയാണെന്നും ബിആർസിയിലെ ഒരു സഹപ്രവർത്തകനാണ് ഇതിന് പിന്നിലെന്നും മുൻ ബിപിസി ഇയാൾക്ക് പിന്തുണ നൽകുന്നതായും സ്പെഷൽ എഡ്യുക്കേറ്റർമാർ ആരോപിച്ചു.
സംഭവത്തിൽ നൽകിയ പരാതിയിൽ നിലന്പൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതരമായ വകുപ്പുകൾ മനഃപൂർവം ഒഴിവാക്കിയെന്നും മതിയായ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ സ്പെഷൽ എഡ്യുക്കേറ്റർമാരായ എം.പി. ശ്രീജ, ജി.എസ്. ദിവ്യ, ഉമ്മുൽ ഹബീബ, ദീപാ ജോസ്, പി. മിനി, ഷെറിൻ കുര്യൻ എന്നിവർ പങ്കെടുത്തു.
Tags : fake video NattuVishasham DistrictNews