എംഇഎസ് - അലിഗഡ് ലിങ്ക് റോഡ്
അങ്ങാടിപ്പുറം : രണ്ടുസംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതകുരുക്കിന് ആശ്വാസമാകുന്നതുമായ എംഇഎസ് മെഡിക്കൽ കോളജ് - അലിഗഡ് യൂണിവേഴ്സിറ്റി ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വളാഞ്ചേരി റോഡിലെ എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തു നിന്നാരംഭിച്ച് പരിയാപുരം, കൂവക്കാട്ടുപടി, കല്ലുമ്മക്കല്ല്, ചെറുമല വഴി ചെറുകര റെയിൽവേ ക്രോസിലൂടെ അലിഗഡ് യൂണിവേഴ്സിറ്റി പരിസരത്തേക്കെത്തുന്നതും ഏതാണ്ട് ഏഴര കിലോമീറ്റർ ദൈർഘ്യം വരുന്നതുമായ ഈ പാത ഗതാഗത യോഗ്യമാക്കിയാൽ ടൗണിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വളാഞ്ചേരി, കോട്ടക്കൽ ഭാഗത്ത് നിന്ന് പട്ടാന്പി റോഡിലേക്കും പെരിന്തൽമണ്ണ യിലെ വിവിധ ആശുപത്രികളിലേക്കും പോകാനും ചെർപ്പുളശേരി, പട്ടാന്പി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എംഇഎസ് മെഡിക്കൽ കോളജിലേക്കും വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തേക്ക് പോകുന്നതിനും ടൗണിലെ ഗതാഗത കുരുക്കിൽ കുടുങ്ങാതെ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ലിങ്ക് റോഡിന്റെ സവിശേഷത.
നിലവിൽ ചെറുകര ഗേറ്റ് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ വഴി എംഇഎസിൽ എത്താൻ 13 കിലോമീറ്റർ സഞ്ചരിക്കണം. മേഖലയിൽ രൂക്ഷമായി തുടരുന്ന ഗതാഗതകുരുക്കിന് ശാശ്വതമായ പരിഹാരം ബൈപാസ് ആണെങ്കിലും അതിനു വേണ്ടിയുള്ള നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ, റെയിൽവേ ക്രോസിന് മേൽപ്പാലം തുടങ്ങിയ കടന്പകൾ ആവശ്യമില്ലാത്ത ഈ ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : Link Road NattuVishasham DistrictNews