പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകള്‍ ഏറ്റവും അധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണെന്നും ഇത് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നതു ജനജീവിതത്തേയും കൃഷി ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
2024 ലെ കരട് വിജ്ഞാപനത്തേത്തുടര്ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയിൽ ഉള്‍പ്പെട്ടിരുന്നതു പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായി. ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടാൻ കാരണമായത് ഇതാണ്. ഇത് അടിയന്തരമായി പുനഃപരിശോധിച്ച് ജനവാസപ്രദേശങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ ഭൂപടത്തെക്കുറിച്ചുള്ള അവ്യക്തത നീക്കണമെന്നും പരാതി സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്നും ഡിസിസി നേതാക്കള്‍ ആവശ്യപ്പെട്ടു.
ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Tags : Sensitive Areas NattuVishasham DistrictNews