മുതുവാൻകുടിയിലുള്ള മത്സ്യ ഉത്പാദന കേന്ദ്രം.
അടിമാലി: വെള്ളത്തൂവൽ മുതുവാൻകുടിയിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച മത്സ്യ ഉത്പാദന കേന്ദ്രം നാശത്തിന്റെ വക്കിൽ. കർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് മത്സ്യ ഉത്പാദന കേന്ദ്രം ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. അത്യാധുനിക രീതിയിൽ കുളം നിർമിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയാതെവന്നതോടെ ഇതിനുവേണ്ടി നിർമിച്ച ടാങ്കുകളും മറ്റ് നിർമാണങ്ങളും ഉപയോഗശൂന്യമായി. നിർമ്മാണം പൂർത്തീകരിച്ചതോടെ തെരഞ്ഞെടുപ്പ് വരികയും പുതിയ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെ പദ്ധതി പൂർണമായും അവഗണിക്കുകയുമായിരുന്നു.
നാടിന്റെ വികസനത്തിനും കർഷകർക്കും ഏറെ ഉപകാരപ്പെടേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാഴാകുന്നത്. ഫീഷറീസ് വകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട് .ഫലത്തിൽ പദ്ധതി പൂർണമായും ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ പദ്ധതിക്കായി നിർമിച്ച ടാങ്കുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാൻ കാരണമായിരിക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് മലിനമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിയ പദ്ധതി ഉപേക്ഷിച്ചതിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. അധികാരത്തിലെത്തിയ പുതിയ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും പദ്ധതി ഏറ്റെടുത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനു നടപടി സ്വീകരി ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Fish Production Centre NattuVishasham DistrictNews