ആലപ്പുഴയിൽ എത്തിയ ഐസിഎൽഇഐ സംഘം ജില്ലാ കളക്ടർ ഷാജി വി. നായരോടൊപ്പം.
ആലപ്പുഴ: നഗരസഭയുടെ മാലിന്യസംസ്കരണ രീതികൾ നേരിൽകണ്ടു പഠിക്കാൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ലോക്കൽ എൻവയോൺമെന്റൽ ഇനിഷ്യേറ്റീവ് (ഐസിഎൽഇഐ) സംഘം ആലപ്പുഴയിൽ എത്തി. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ ഏഷ്യൻ നഗരങ്ങളിലെ മികച്ച മാതൃകകൾ, ഒരു പ്രാദേശിക അവലോകനം എന്ന പദ്ധതിയുടെ ഭാഗമായി, ഐസിഎൽഇഐ തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ഒന്ന് ആലപ്പുഴ നഗരസഭയാണ്. ആലപ്പുഴ നഗരസഭയുടെ മാലിന്യ സംസ്കരണപ്രവർത്തനരീതികളും അനുഭവങ്ങളും നേരിട്ട് മനസിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സീനിയർ ഓഫീസർ കേശവ് ഝാ, അനുരാധ അധികാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജില്ലാ കളക്ടർ ഷാജി വി. നായരെ കണ്ടു ചർച്ച നടത്തി. ആലപ്പുഴ നഗരസഭ നേതൃത്വം, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഏജൻസികൾ, സാമൂഹിക സംഘടനകൾ, വ്യാപാര പ്രതിനിധികൾ എന്നിവരെയും സന്ദർശിച്ചു.
വരുന്ന മൂന്ന് ദിവസങ്ങളിൽ സംഘം വീടുകളിലെ ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനം, കമ്മ്യൂണിറ്റി, വ്യവസായിക തലത്തിലുള്ള ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സന്ദർശിച്ച് വിലയിരുത്തും.
ആലപ്പുഴ നഗരസഭയുടെ മികച്ച പ്രവർത്തനങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി, ഏഷ്യയിലെ മറ്റ് നഗരങ്ങൾക്ക് മാതൃകയായി പങ്കുവയ്ക്കുന്നതിനാണ് പഠനം ലക്ഷ്യമിടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നും ആലപ്പുഴ നഗരസഭ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
Tags : Local News Nattuvishesham ICLEI team municipality food waste processing