പരവൂര്‍-പാരിപ്പള്ളി റോഡില്‍ ഡോക്ടർ മുക്കിലെ അപകട വളവ്.
കൊല്ലം : പരവൂര്‍-പാരിപ്പള്ളി റോഡില്‍ ഡോക്ടർ മുക്കുമുതല്‍ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന്‍വരെയുള്ള ഭാഗത്ത് അപകടം പതിവാകുന്നു. നാലുവര്‍ഷത്തിനിടെ പത്തോളം ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍ മരിക്കാനിടയായി. അതിലേറേപേര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പും ഡോക്ടര്മുക്കിലെ വളവില്‍ ഇരുചക്രവാഹനയാത്രികനായ യുവാവ് അപകടത്തില്‍ മരണമടയുകയുണ്ടായി.
ഇരുചക്രവാഹനത്തിലെത്തിയ മൂന്നുയുവാക്കള്‍ക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ പരിക്കേറ്റതായിരുന്നു അതിനുമുമ്പുണ്ടായ സംഭവം.
പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തും ഹൈസ്കൂള്‍ ജംഗ്ഷന് റോഡ് വന്നുചേരുന്ന ഭാഗത്തും തുടരെ അപകടങ്ങള്‍ നടക്കുകയാണ്. ഡോക്ടര്‍മുക്ക് ജംഗ്ഷനും പഞ്ചായത്ത് ഓഫിസിനും ഇടയിലെ വളവില്‍ റോഡിന് നടുവിലെ ജലവിതരണവകുപ്പിന്റെ വാല്‍വ് ചേമ്പറും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് സമീപത്തേക്ക് ഇടിച്ചുകയറുകയാണ് ചെയ്യുന്നത്. രാപകല്‍ ഭേദമില്ലാതെ പ്രദേശവാസികള്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഇറങ്ങുന്നുണ്ട്. അതിനാലാണ് കുറേ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നത്.
ഒരുവര്ഷംമുന്പ് റോഡുസുരക്ഷാ അഥോറിറ്റി സ്ഥലം സന്ദര്‍ശിക്കുകയും അപകടങ്ങള്‍ കുറയ്ക്കാന്‍ ബോര്‍ഡ് സ്ഥാപിക്കാമെന്നും സിഗ്നല്‍ലൈറ്റും കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതയും ഒരുക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. റോഡിന്റെ വളവ് മാറ്റിയെടുത്താല്് അപകടം കുറയ്ക്കാനാകും. എംഎല്എമുക്ക് റോഡില്‍ നിന്നു പ്രവേശിക്കുന്ന വാഹനങ്ങള്‍ ആലിന്റെ മൂട്ടില് നിന്നു വണ്‍വേ തെറ്റിച്ച് റോഡിലേക്ക് കയറുന്നതും അപകടം വിതയ്ക്കുകയാണ്. ഇതിനായി ബോധവത്കരണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags : Accidents becoming frequent Accidents NattuVishesham DistrictNews