ചടയമംഗലത്തെ അനധികൃത പാര്‍ക്കിംഗ്.
കൊല്ലം: എംസി റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ശബരിമല തീര്‍ഥാടകരുടെ നടുവൊടിക്കുന്നു. റോഡ് പരിചയമില്ലാതെ ഓടിയെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടകരുടെ വാഹനങ്ങള്‍ വലിയ ഗര്‍ത്തങ്ങള്‍ക്ക് അടുത്ത് എത്തുന്നതോടെ പെട്ടെന്ന് ബ്രേക്കിടുന്നത് തീര്‍ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മാത്രമല്ല അപകട സാധ്യത കൂട്ടുന്നു.
തിരുവനന്തപുരം ഭാഗത്തുനിന്നുള്ള അയ്യപ്പഭക്തര്‍ കൂടുതലും ആശ്രയിക്കുന്നത് അടൂര്‍വരെയുള്ള എംസി റോഡാണ്. ആയൂര്‍-അഞ്ചല്‍വഴി പത്തനംതിട്ടയ്ക്ക് പോകുന്നവരും കൂടുതലാണ്. തീര്ഥാടനകാലമായിട്ടും പാതയുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധമുയരുകയാണ്.
ഒന്നരമാസംമുന്പ് നിലമേല്‍, വാളകം ജംഗ്ഷനുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല. ചെറിയ മഴയില്‍പോലും വെള്ളക്കെട്ടുണ്ടാകുന്ന പട്ടണങ്ങളാണ് നിലമേലും വാളകവും. വെള്ളക്കെട്ടില്‍ ഗതാഗതതടസവും പതിവാണ്. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളംകയറി കനത്ത നഷ്ടവും സംഭവിക്കുന്നു. ഇതിനു ശാശ്വതപരിഹാരം കാണുന്നതിനാണ് സ്ഥലപരിശോധന ഉള്‍പ്പടെ നടത്തിയത്.
പാതയിലെ വന്‍കുഴികള്‍ യാത്രാദുരിതത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുകയാണ്. വാളകംമുതല് നിലമേല്വരെയുള്ള 17 കിലോമീറ്റര്‍ ദൂരം വലിയ അപകടമേഖലയാണ്. പൊലിക്കോട്, ആനാട്, അകമണ്‍, ആയൂര്‍ പാലം, ഇളവക്കോട്, കുരിയോട് നെട്ടേത്തറ, മുരുക്കുമണ്‍, പുതുശേരി, കണ്ണങ്കോട്, ജില്ലാ അതിര്‍ത്തിയായ വാഴോട് പ്രദേശങ്ങളിലാണ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉയരുന്നത്.
തീര്‍ഥാടന കാലത്തേക്കായി പ്രഖ്യാപിച്ച ഗതാഗതപരിഷ്കരണവും ഇതേവരെ നടപ്പാക്കിയിട്ടില്ല. ബ്ലാക്ക് സ്പോട്ടുകളിലെ പദ്ധതികളും നടപ്പായില്ല. ചടയമംഗലം മഹാദേവക്ഷേത്രത്തിനു സമീപത്ത് പ്രധാന പാതയുടെ വശം ടാര്‍ ചെയ്യാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. അപകടമേഖലയില്‍ ബാരിക്കേഡ്, മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ സ്ഥാപിക്കുക, വലിയ പ്രകാശമുള്ള തെരുവുവിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍
അവലോകന യോഗത്തില്‍ ഉയര്‍ന്നതും പരിഹരിച്ചിട്ടില്ല. ഇത്തരത്തില്‍ പെട്ടെന്ന് നടപ്പാക്കാവുന്ന കാര്യങ്ങള്‍ പോലും നടപ്പാക്കാതെ ഉദ്യോഗസ്ഥര്‍ ഉരുണ്ടു കളിക്കുകയാണ്.
മൂടിയില്ലാത്ത ഓടകളില്‍ സ്ലാബ് സ്ഥാപിക്കണമെന്നും അടഞ്ഞ ഓടകള്‍ വൃത്തിയാക്കണമെന്നും ഇടറോഡുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന മേല്‍മണ്ണ് നീക്കംചെയ്യണമെന്നുമുള്ള ആവശ്യവും ഇതേവരെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. വളരെ പെട്ടെന്ന് നടപ്പാക്കാവുന്ന കാര്യമായിരുന്നു മണ്ണ് കോരല്‍. പാതയിലെ താഴ്ന്നപ്രദേശങ്ങള്‍ ഉയര്‍ത്തുക, തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, കാമറ സംവിധാനം കുറ്റമറ്റതാക്കുക, മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കുക തുടങ്ങിയവ മണ്ഡലകാലത്തിനുമുന്പ് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. പക്ഷേ ഒന്നും നടന്നില്ല. നടന്നത് അവലോകന യോഗങ്ങളും പ്രസംഗങ്ങളും മാത്രം.
അനധികൃത പാര്‍ക്കിംഗ്
രാപകല്‍ വ്യത്യാസമില്ലാതെ എംസി റോഡിന്റെ പല ഭാഗത്തും അനധികൃത വാഹന പാര്‍ക്കിംഗ് പതിവാകുകയാണ്. ഇത് വലിയ അപകടഭീഷണി സൃഷ്ടിക്കുകയാണ്. രാത്രിയില്‍ വലിയ ലോറികള്‍ ഉള്‍പ്പടെയുള്ളവ റോഡരികില്‍ പാര്‍ക്ക് ചെയ്യുകയാണ് ഇത് അപകടസാധ്യത കൂട്ടുന്നു. കെഎസ്ടിപി എസി റോഡ് പണിയുടെ നിര്മാണച്ചുമതലകളില്നിന്ന് മാറിയിട്ടും പകരം സംവിധാനമായിട്ടില്ല.
Tags : Journey along MC Road MC Road NattuVishesham DistrictNews