ടിഎസ് കനാലിലെ ബോട്ടുകള്‍.
കൊല്ലം: ആലപ്പാട് ടിഎസ് കനാലില്‍ ആലപ്പാട് മേഖലയിലും കായംകുളം കായല്‍, അഴീക്കല്‍ തുറമുഖം, പൊഴിമുഖം എന്നിവിടങ്ങളിലും ജലഗതാഗതം അപകടഭീഷണിയിലായി. മീന്‍പിടിത്ത ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഉല്ലാസയാനങ്ങള്ക്കും സുരക്ഷിത പാത കാട്ടാനായി ജലത്തിനുപരിതലത്തില് പൊങ്ങികിടക്കുന്ന ഗോളം (ബോയകള്‍) ഇല്ലാത്തതാണ് അപകട ഭീതി ഉയര്‍ത്തുന്നത്.
ചാലുകള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഒട്ടേറെ വള്ളങ്ങളാണ് ചെളിയിലമര്‍ന്ന് അപകടത്തിലാകുന്നത്. സ്രായിക്കാട്, അഴീക്കല്‍ മേഖലകളില്‍ കായലിന് വീതി കൂടുതലാണ്. അതിനാല്‍ മിക്ക ദിവസങ്ങളിലും രണ്ടിലധികം ബോട്ടുകളോ വള്ളങ്ങളോ ചെളിയില്‍ ഉറയ്ക്കുകയും മീന്‍പിടിത്തം മുടങ്ങുകയും ചെയ്യുന്നുണ്ട്. എന്‍ജിനും പ്രൊപ്പല്ലറുകളും തകരുന്നതോടെ നൂറുകണക്കിനു തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടുന്നു. ബോട്ടുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ വന്‍തുക മുടക്കേണ്ടിവരും.
രാജഭരണകാലംമുതലുള്ള തെക്കന്‍മേഖലയിലെ പ്രധാന ദേശീയ ജലപാതയാണ് ടിഎസ്കനാല്. കൊല്ലം-ആലപ്പുഴ യാത്രാബോട്ടുകളും ഉല്ലാസനൗകയായ പുരവഞ്ചിയും ഇതുവഴിയാണ് കടന്നുപോകുന്നത്. ജലപാതയുള്പ്പെടുന്ന പ്രദേശം ടൂറിസം സര്ക്യൂട്ടാക്കുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഡ്രഡജിംഗ് നിലച്ചതാണ് കായലില്‍ ചെളി കൂടാന്‍ കാരണം. വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ച ബോയകള്‍ പലതും പ്രവര്‍ത്തനരഹിതമായി. ബാക്കിയുള്ളവ നശിക്കുന്ന അവസ്ഥയിലുമാണ്.
കേരളതീരത്ത് വലിയ ബോട്ടുകളും ബൃഹത്തായ മീന്പിടിത്തവള്ളങ്ങളുമുള്ളതും ആലപ്പാട് തീരത്താണ്. ടിഎസ് കനാല്‍ നിറയെ കടലില്‍ പോകുന്ന മീന്പിടിത്തയാനങ്ങളാണ്. ആലപ്പുഴ, കൊല്ലം മേഖലകളിലെ മീന്‍പിടിത്തയാനങ്ങള്‍ നീണ്ടകര, അഴീക്കല്‍ മത്സ്യബന്ധന തുറമുഖം വഴി കടലിലേക്കു പോകുന്ന കായല്‍ ജലപാതയുമിതാണ്. ഡ്രഡ്ജിംഗും ബോയകള്‍ സ്ഥാപിക്കുന്നതും കേന്ദ്ര ഉള്‍നാടന്‍ ജല അഥോറിറ്റിയുടെ അധികാരപരിധിയിലാണ്.
ടിഎസ് കനാലിലെ ആഴം ശാസ്ത്രീയമായി പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രഡ്ജിംഗ് നടത്തി ആഴം വര്‍ധിപ്പിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ജലപാത ഉറപ്പാക്കാനായി പുതിയ ബോയകള്‍ സ്ഥാപിക്കണമെന്നും നിലവിലുള്ളത് ശരിയായ സ്ഥാനത്തും ദിശയിലും പുനഃക്രമീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
രാത്രികാലങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയുന്ന ലൈറ്റുകളും റിഫ്ളക്ടറുകളും ഘടിപ്പിച്ച ബോയകള്‍ നിലവിലില്ല.
Tags : Water transport in the TS Canal Water transport NattuVishesham DistrictNews