എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ ജീവനക്കാർ നിർമിച്ച കിണറിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് ബസ് കഴുകി വൃത്തിയാക്കുന്നു.
എരുമേലി: "വെള്ളം കിട്ടാൻ സർക്കാരും പഞ്ചായത്തും വേണേൽ ചെയ്യട്ടെ' എന്ന് പറഞ്ഞില്ല എരുമേലി കെഎസ്ആർടിസിയിലെ നൂറോളം ജീവനക്കാർ. ശമ്പളത്തിൽനിന്ന് അവർ സന്തോഷത്തോടെ ഒരു ലക്ഷത്തോളം തുക ചെലവിട്ടത് ബസ് സ്റ്റാൻഡിൽ നല്ല വെള്ളം കിട്ടാൻ. യാത്രക്കാരായ ജനങ്ങളോടും ശബരിമല സീസണിൽ ദിവസവും എത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തരോടും അവർ നീതി പുലർത്തുന്ന ഹൃദ്യമായ കാഴ്ച കൂടിയാണിപ്പോൾ ഇവിടത്തെ ബസുകളുടെ അഴകും വൃത്തിയും.
അതിനായി അവർ ചെയ്തത് കിണർ കുഴിച്ചു. മോട്ടോർ വച്ചു. അതിൽനിന്നുള്ള വെള്ളമാണ് ഇപ്പോൾ ബസുകളെ സുന്ദരമാക്കുന്നത്. നിലവിൽ കുഴൽകിണറുണ്ട്. പക്ഷേ വെള്ളം മോശമാണ്. ബസിന്റെ ഗ്ലാസ് പോലും കഴുകാൻ കൊള്ളില്ല. വെള്ളത്തിന് ചുവന്ന കടുത്ത നിറമാണ്. ഈ വെള്ളം ഉപയോഗിച്ച് വണ്ടി കഴുകുമ്പോൾ ചെളി നിറയുന്നു. ബസിന്റെ ഗ്ലാസുകളിൽ കാഴ്ച മറയ്ക്കുന്ന ചെളിയാണ് ദൃശ്യമാകുന്നത്.
ദീർഘദൂര ബസുകളുടെ ഡ്രൈവർമാർ പരാതി പറഞ്ഞു മടുത്തു. പക്ഷെ, ഫണ്ട് ഇല്ലെന്ന് പറഞ്ഞ് മേലുദ്യോഗസ്ഥർ കൈമലർത്തി. എന്നാൽ ജീവനക്കാർ ഒന്നടങ്കം തീരുമാനമെടുത്തു. ഇനി ഇത് പറ്റില്ല, നമുക്ക് ഒരു കൈ നോക്കാം. അങ്ങനെയാണ് സ്വന്തം ചെലവിൽ സ്റ്റാൻഡിന്റെ പിന്നിൽ ഒരു ഓലി നിർമിച്ചത്. അതിൽ നല്ല വെള്ളം കിട്ടിയതോടെ റിംഗിറക്കി ഓലിയെ കിണറാക്കി മാറ്റി. മോട്ടോർ, പമ്പ് സെറ്റ് എന്നിവയും സ്ഥാപിച്ചു. ഇപ്പോൾ ചെളിയില്ലാത്ത വെള്ളം ബസുകളിലേക്ക് പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കുന്നതിന്റെ നിറഞ്ഞ സംതൃപ്തിയിലാണ് ജീവനക്കാർ.
ഒരേ മനസോടുകൂടി യൂണിയൻ ഭേദമെന്യേ ജീവനക്കാരെല്ലാം സഹകരിച്ച ഈ കൂട്ടായ്മയ്ക്ക് ബസ് സ്റ്റേഷൻ ഇൻ ചാർജ് രഘുനാഥൻ, ജോജൻ മാത്യു. പി.പി. രതീഷ്, എബി ഡേവിഡ് എന്നിവർ നേതൃത്വം നൽകി. എരുമേലി സെന്ററിലെ 27 ബസുകളും ശബരിമല സ്പെഷ്യൽ സർവീസിലെ 25 ബസുകളും ഈ വെള്ളം ഉപയോഗിച്ചാണ് ഇപ്പോൾ വൃത്തിയാക്കുന്നത്.