എരുമേലി ആമക്കുന്ന് പാലത്തിന് സമീപമുള്ള വലിയ തോടിന്റെ ദൃശ്യം. ഇവിടെ ഉൾപ്പടെ തോട് കൈയേറ്റമുണ്ടെന്നാണ് പരാതി.
എരുമേലി: തോട് പുറമ്പോക്ക് കൈയേറ്റം സംബന്ധിച്ച് ഒഴിപ്പിക്കൽ നടപടികൾ അല്ല ഇപ്പോൾ സർവേയാണ് നടത്തുന്നതെന്ന വിശദീകരണവുമായി റവന്യു വകുപ്പ്. ഇന്നലെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ നടപടികളുണ്ടായില്ല. ഇന്നു മുതൽ സർവേ ജോലി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആമക്കുന്ന് പാലം മുതൽ കരിങ്കല്ലുമ്മുഴിവരെ വലിയ തോടിന്റെ വീതി സർവേ ചെയ്യും. ഒപ്പം ഇരു കരകളിലും തോടിന്റെ പുറമ്പോക്ക് നിർണയിക്കും. ഇതോടൊപ്പം അതിര് കല്ലുകൾ സ്ഥാപിക്കും. സർവേയും അതിര് നിർണയവും പൂർത്തിയായശേഷം പുറമ്പോക്ക് സ്ഥലത്തുള്ള കെട്ടിടങ്ങൾ, നിർമിതികൾ എന്നിവയുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകും. ഇവർക്ക് ആക്ഷേപം അറിയിക്കാനുള്ള സാവകാശം കഴിഞ്ഞു ഹിയറിംഗ് നടത്തും. തുടർന്നാണ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങുകയെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സർവേ അടക്കം നടപടികൾ നടത്തുക. സ്ഥലത്തിന്റെ റവന്യു ലിസ്റ്റ്, താമസക്കാരുടെ മേൽവിലാസം, സർവേ നമ്പർ എന്നിവ ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. വസ്തു കൃത്യമായി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതിനുശേഷം മാത്രമായിരിക്കും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുക. സ്വന്തം സ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകൾ ഉടമകൾ ഹാജരാക്കി വേണം ആക്ഷേപങ്ങൾ അറിയിക്കാൻ.
ജില്ലാ കളക്ടർ പ്രത്യേക ഉത്തരവ് നൽകിയാകും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുന്നത്. ജീവിതമാർഗമില്ലാതെ പുറമ്പോക്ക് സ്ഥലത്ത് കുടുംബമായി വർഷങ്ങളായി താമസിക്കുന്നവരുടെ അർഹത പരിശോധിച്ച് പുനരധിവാസത്തിന് സർക്കാർ തലത്തിൽ നിർദേശം ലഭിക്കുന്നത് പ്രകാരം നടപടികൾ സ്വീകരിക്കും. ലൈഫ് പാർപ്പിട പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നുള്ളത് സർക്കാർ നിർദേശം ഉണ്ടായാൽ പരിശോധിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നിയമസഭ പരിസ്ഥിതി സമിതി എരുമേലി വലിയ തോട് സന്ദർശിച്ചതിനെത്തുടർന്നാണ് അടിയന്തരമായി തോട് കൈയേറ്റം അന്വേഷണം നടത്തി പുറമ്പോക്ക് നിർണയിക്കാൻ നിർദേശം നൽകിയത്.