റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ലോഗോയുടെ പ്രകാശനകർമം നിർവഹിച്ചു.
പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ ശ്രീലക്ഷ്മി ജയറാം ഡിസൈൻ ചെയ്ത ലോഗോയാണ് ഈ വർഷത്തെ കലോത്സവ ലോഗോ. പത്തോളം എൻട്രികളിൽനിന്ന് വിദ്യാഭ്യാസത്തോടൊപ്പം കലയ്ക്കും പ്രാധാന്യം നൽകി കേരളത്തനിമ വിളിച്ചോതുന്ന ഡിസൈനാണ് സംഘാടകർ തെരഞ്ഞെടുത്തത്.
കലോത്സവം ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ ഹണി ജി. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കലോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ അബ്ദുൾ ജമാൽ, പ്രോഗ്രാം കൺവീനർ ടോമി ജേക്കബ്, എസ്. അഭിലാഷ്, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.