പ്രതീകാത്മക ചിത്രം
നെല്ലിയാമ്പതി: ചില്ലറയില്ലെന്നുപറഞ്ഞ് തോട്ടംതൊഴിലാളിയായ അമുതയെ കെഎസ്ആർടിസി ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ട സംഭവത്തിലും യാത്രക്കാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് ബസ് ഡ്രൈവർക്കെതിരേ നൽകിയ പരാതിയിൽ കെഎസ്ആർടിസി അന്വേഷണം നടത്തി. നാഷണൽ ജനതാദൾ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് സംസ്ഥാന ഗതാഗതമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. യാത്രക്കാരിയുടെ സുരക്ഷയും കെഎസ്ആർടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റവും സംബന്ധിച്ച് ഗൗരവമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ഇതിനുപുറമേ ബസ് അമിതവേഗത്തിൽ ഓടിച്ചതായും എതിരേവരുന്ന വാഹനങ്ങളോടും യാത്രക്കാരോടും ഡ്രൈവർ മോശമായി പെരുമാറിയതായും പരാതിയിൽ ആരോപിച്ചിരുന്നു. ഡ്രൈവറെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ സർവീസുകളിൽ ഇനി നിയോഗിക്കില്ലെന്ന് അധികൃതർ പരാതിക്കാരെ അറിയിച്ചു.
ഇതുസംബന്ധിച്ച വിവരം കെഎസ്ആർടിസി എംഡിയെയും അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്കുമുമ്പ് നെല്ലിയാമ്പതിയിൽ നടന്ന അപകടത്തിനുശേഷം സർവീസിനായി പുതുതായി എത്തിയ കെഎസ്ആർടിസി ബസിലാണ് അമുതയെ ചില്ലറയില്ലെന്ന കാരണത്താൽ ഇറക്കിവിട്ടത്.
Tags : District News Nattuvishesham KSRTC female passenger mid-journey dropped off