ഫാത്തിമ സന, ആയിഷ സഫ
മഞ്ചേരി: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയ മേളയില്‍ മിന്നും വിജയവുമായി സഹോദരിമാര്‍ നാടിന്റെ അഭിമാനമായി. കാരക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ ഫാത്തിമ സനയും ആയിഷ സഫയുമാണ് കവുങ്ങിന് പാള കൊണ്ടുള്ള ഉല്പന്ന നിര്‍മാണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ടിമധുരം സമ്മാനിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ഫാത്തിമ സനയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ സന, കഠിനാധ്വാനത്തിലൂടെ ഇത്തവണ അത് ഒന്നാം സ്ഥാനമാക്കി ഉയര്‍ത്തുകയായിരുന്നു. സബ് ജില്ല, ജില്ല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. ഹൈസ്കൂള്‍ വിഭാഗത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ സഫ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന ശാസ്ത്രോത്സവത്തിലേക്കുള്ള തന്റെ കന്നി മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ആയിഷ സഫക്ക് സാധിച്ചു. തൃക്കലങ്ങോട് ഹാജിയാര്‍പ്പടി പുതിയറക്കല്‍ ശിഹാബ്-മുബീന റഹ്മത്ത് ദമ്പതികളുടെ മക്കളാണ് ഇരുവരും. ഒരേ വീട്ടില്‍നിന്ന് രണ്ട് വിഭാഗങ്ങളിലായി മത്സരിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ സഹോദരിമാരെ സ്കൂള്‍ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
Tags : Sisters Take Top Sisters NattuVishesham DistrictNews