കൊല്ലം ഡിഎച്ച്ക്യു ക്യാമ്പിലെ ബന്തിപ്പൂ കൃഷി.
കൊല്ലം: ക്രമസമാധാന പാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും മണ്ണില്‍ വര്‍ണം നിറച്ച് കൊല്ലം ഡിഎച്ച്ക്യു ക്യാമ്പിലെ പൊലിസ് ഉദ്യോഗസ്ഥര്‍. ഉപയോഗിക്കാതെ ഒഴിഞ്ഞുകിടന്നിരുന്ന മണ്ണ് നിറയെ ഇപ്പോള്‍ ബന്തിപ്പൂക്കളാണ്.
സേനാ അംഗങ്ങളുടെ ക്ഷേമ അന്വേഷണത്തിനെത്തിയ കൊല്ലം സിറ്റി പൊലിസ് കമ്മീഷണറുടെ ചോദ്യമാണ് വഴിത്തിരിവായത്. ഈ ഒഴിഞ്ഞ ഭൂമി പ്രയോജനകരമായി മാറ്റിക്കൂടെ എന്നാണ് അദ്ദേഹം ചോദിച്ചത്. മുന്‍ റിസര്‍വ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന് മുന്നോട്ടുവെച്ച ബന്തിപ്പൂ കൃഷി എന്ന ആശയം ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സുധീര്‍ ഏറ്റെടുക്കുകയായിരുന്നു.
ക്യാമ്പ് ഫോളോവേഴ്സായ അഭിലാഷ്, അഭിജിത്ത്, അമല്‍, ഉല്ലാസ് എന്നിവരുടെ അധ്വാനവും പൊലിസ് ഓഫിസര്‍മാരായ ആര്.ഐ. മഹേഷ്, ബിജു, ഡി.ഡി. രാജേഷ്, കളരി സജി, ഹരിദാസ്, രവി, സെക്രട്ടറി വൈ. സാബു എന്നിവരുടെ പിന്തുണയും ചേര്‍ന്നതോടെ കൃഷി വന്‍ വിജയമായി. പൂന്തോട്ടം, ജോലിക്കിടയിലെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് വലിയൊരാശ്വാസമാണ് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Tags : Marigolds bloom NattuVishasham DistrictNews