ഫ്ലാഗ് ഓഫ് കോര്പറേഷന് മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിക്കുന്നു.
കൊല്ലം: സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് മുഖേന കിലോക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോര്പറേഷന് മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു. ജില്ലാ കളക്ടറേറ്റിന് സമീപം ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
പൊതുവിപണിയിലെ സര്‍ക്കാരിന്റെ സമയോചിത ഇടപെടലാണ് കിലോയ്ക്ക് 35 രൂപ നിരക്കിലുള്ള സവാള വില്പനയെന്ന് മേയര്‍ പറഞ്ഞു. ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സാധാരണക്കാരിലേക്ക് എത്തിച്ചത് പോലെ ഇതും ഏറെ പ്രശംസിക്കപ്പെടുന്ന നടപടിയാണെന്നും എ.കെ. ഹഫീസ് പറഞ്ഞു.
ജില്ലയില്‍ കളക്ടറേറ്റ്, കടപ്പാക്കട, കരിക്കോട്, കൊട്ടാരക്കര, കടക്കല്‍, കരുനാഗപ്പള്ളി, കേരളപുരം എന്നീ ഏഴ് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ വഴിയും സഞ്ചരിക്കുന്ന രണ്ട് വില്പനശാലകള് വഴിയും കിലോക്ക് 35 രൂപ നിരക്കില്‍ സവാള പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഹോര്‍ട്ടികോര്‍പ്പ് കൊല്ലം സംഭരണ വിതരണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കുറഞ്ഞ നിരക്കില്‍ സവാള ലഭ്യമാക്കുന്നത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് സവാള സംഭരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എസ്. അനീസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ ടി. സജീവ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Onion Price NattuVishasham DistrictNews