കുഞ്ചൻ നമ്പ്യാർ സ്മാരകം.
ഒറ്റപ്പാലം: ഭരണമില്ലാതെ കുഞ്ചൻ നമ്പ്യാർ സ്മാരകം. ശമ്പളവും നവീകരണവും അനിശ്ചിതത്വത്തിൽ. കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പകരം സംവിധാനമാകാത്തത് ഭവനത്തിന്റെ പ്രവർത്തനം പൂർണമായും സ്തംഭനാവസ്ഥയിലാക്കി.
ഇടതുഭരണകാലത്ത് ഒരുപാട് പ്രതിസന്ധി നേരിട്ട കലാകേന്ദ്രമാണ് കുഞ്ചൻ നമ്പ്യാർ സ്മാരകം. അതിന്റെ കഷ്ടകാലം തീർക്കാൻ ഇപ്പോഴും വഴിതെളിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. പകരം സംവിധാനം ഇതുവരെയും നടപ്പായില്ല. ഇതോടെ ഭരണപരമായ കാര്യങ്ങൾപോലും നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സ്മാരക സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി പറഞ്ഞു. സർക്കാർ പുതിയ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2008ൽ ആരംഭിച്ച കലാപീഠത്തിൽ അധ്യാപകർക്ക് എട്ടുമാസത്തെയും ജീവനക്കാർക്ക് മൂന്നുമാസത്തെയും ശമ്പളം കുടിശികയുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രം 15 ലക്ഷം രൂപ വേണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗ്രാന്റ് ഇനത്തിലെ രണ്ടുലക്ഷം രൂപ ലഭിച്ചതുമില്ല. ഈ വർഷം നാലുലക്ഷം രൂപ മാത്രമാണ് കിട്ടിയത്.
കലാപഠനത്തിന് കുട്ടികൾ നൽകുന്ന ഫീസും സ്മാരകം സന്ദർശിക്കാനെത്തുന്നവരിൽനിന്ന് ഈടാക്കുന്ന തുകയും ഉപയോഗപ്പെടുത്തിയാണ് ചെലവുകൾ നടത്തിവരുന്നത്.
സ്മാരകത്തിന്റെ നവീകരണത്തിനായി കഴിഞ്ഞ സർക്കാർ 2024ലെ ബജറ്റിൽ അനുവദിച്ച 1.96 കോടി രൂപയുടെ ആദ്യ ഗഡു മാത്രമാണ് നൽകിയത്. അതിൽനിന്ന് 39.20 ലക്ഷം രൂപ മാത്രമാണ് ഇതുവരെയും ലഭിച്ചത്.
തകർച്ചാ ഭീഷണിയിൽ കഴിഞ്ഞിരുന്ന സ്മാരകത്തിന്റെ മേൽക്കൂര നവീകരിക്കാൻ ഇതിലൂടെ സാധിച്ചു. എന്നാൽ കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടുകീറി.
ജനലുകളും വാതിലുകളും ചിതലരിച്ചു കഴിഞ്ഞു. പത്തായപ്പുരയും പടിപ്പുരയും അടക്കം സംരക്ഷിക്കാൻ ബജറ്റിൽ അനുവദിച്ച തുകയുടെ ബാക്കി സംഖ്യ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.