മാർത്തോമ്മാ സഭ വൈദികസമ്മേളനം
ചരൽക്കുന്ന്: വൈദിക ശുശ്രൂഷയുടെ മഹത്വം പദവിയിലല്ല, സേവനത്തിലാണെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭയിലെ വൈദികരുടെ ആഗോള വാർഷിക സമ്മേളനം ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.
അധികാരം മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള അവകാശമല്ല, മറ്റുള്ളവരുടെ നന്മക്കായി സ്വയം സമർപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് . ലോകം ആദ്യം കേൾക്കുന്നത് നമ്മുടെ പ്രസംഗങ്ങളല്ല. ജീവിതമാണെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. സഭയുടെ ആന്തരിക ജീവിതവും ബാഹ്യമായ സാക്ഷ്യവും പരസ്പരപൂര കങ്ങളാണ്. സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും പരസ്പരം സ്നേഹിക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്താൽ സാക്ഷ്യം ദുർബലമാകും. ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും നമ്മുടെ ഇടയിൽ വിഭാഗീയതയും അസഹിഷ്ണുതയും വളരുകയും ചെയ്താൽ സന്ദേശത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വേദനകൾ കേൾക്കാനും മനുഷ്യരുടെ കണ്ണുനീരിനോട് പ്രതി കരിക്കാനും പ്രത്യാശ നഷ്ടമായവർക്ക് പ്രത്യാശ നൽകാനും കഴിയുമ്പോഴാണ് സഭയുടെ സാക്ഷ്യം അർത്ഥവത്താകുന്നതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.
കോൺഫ്രൻസ് പ്രസിഡന്റ് സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കുര്യൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, കൺവീനർ റവ. ആൻസൺ തോമസ്, ട്രഷറർ റവ. ജോബി ജോൺ എന്നിവർ പ്രസംഗിച്ചു. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ഫാ. ഡോ. ജോൺ ബെഹർ വിഷയാവതരണം നടത്തി. സമ്മേളനം 25ന് സമാപിക്കും.
Tags : Marthoma Sabha clergy conference clergy conference NattuVishesham DistrictNews