പ്രധാന കനാലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ.
പത്തനംതിട്ട: മണിയാർ സംഭരണിയുടെ ഷട്ടറുകൾ മാറ്റിവയ്ക്കുന്ന ജോലികൾ പൂർത്തിയായില്ല. ഒരുവർഷം മുന്‍പ് ആരംഭിച്ച ജോലികൾ അനന്തമായി തുടരുന്നതോടെ വേനൽക്കാലത്ത് പ്രതിസന്ധി രൂക്ഷമാക്കും.
മണിയാർ ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും അറ്റകുറ്റപ്പണികളുടെ പേരിൽ തുറന്നതോടെ കഴിഞ്ഞ ജനുവരി മുതൽ സംഭരണിയിൽ വെള്ളം സംഭരിക്കുന്നില്ല. കഴിഞ്ഞ വേനലിൽ സംഭരണിയിൽ നിന്നുള്ള ജലസേചനം മുടങ്ങിയിരുന്നു. മഴ ശക്തമായപ്പോൾ പത്തനംതിട്ട ജില്ലയിലും കുട്ടനാട് മേഖലയിലും പ്രളയ നഷ്ടം ഇരട്ടിപ്പിച്ചതും ഷട്ടറില്ലാത്ത മണിയാർ സംഭരണിയായിരുന്നു.
സ്ലൂയിസ് വാൽവ് അടക്കം തുറന്ന് സംഭരണി പൂർണമായി തുറന്നിട്ടിരിക്കുകയാണ്. വേനൽക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിർത്തിവച്ചിരുന്നു. മഴ വന്നതോടെ ജലസംഭരണിയിൽ വെള്ളം തടയാനായില്ല. മണിയാറിലെ വൈദ്യുതി ഉത്പാദനവും മുടങ്ങിയിരിക്കുകയാണ്.
തകരാറിലായ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ ആർഎം സിൻഹ ആൻഡ് കന്പനിക്ക് കരാർ നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. ആറുമാസത്തിനുള്ളിൽ നിർമാണജോലികൾ പൂർത്തീകരിക്കേണ്ടിയിരുന്നു. എന്നാൽ, പണികൾ അനന്തമായി നീളുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞയിടെ ജില്ലാതലത്തിൽ നടന്ന ചർച്ചയിൽ പണികൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് കരാറുകാരൻ നല്കിയ ഉറപ്പ്. പണികളുടെ പുരോഗതി വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരുമെന്ന് പിഐപിഎക്സിക്യൂട്ടീവ് എൻജിനിയർ ഫേബാ ലൂയിസ് പറഞ്ഞു.
മണിയാർ സംഭരണിയുടെ ഷട്ടറുകളും സ്ളൂയിസ് വാൽവുകളും മാറ്റുന്ന പണികൾ മിക്കവാറും പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശേഷിക്കുന്ന ഇലക്ട്രിക് ജോലികൾ കഴിഞ്ഞ ദിവസം തുടങ്ങി.രണ്ടാഴ്ചക്കകം ആ പണികളും പൂര്‍ത്തിയാകും.
കനാൽ വഴി ഡിസംബറിൽ വെള്ളം എത്തുമെന്ന് മന്ത്രി
പമ്പാ ഇറിഗേഷൻ കനാൽ വഴി ഡിസംബർ 15നു മുമ്പ് വെള്ളം തുറന്നു വിടുമെന്ന് മന്ത്രി മോൻസ് ജോസഫ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജൂലി സാബു ഓലിക്കലിനെ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയിൽ നവംബർ ആദ്യം കനാൽ തുറന്നു വെള്ളം വിടുമെന്ന് പഴകുളം മധു എംഎല്‍എ യ്ക്ക് നൽകിയ ഉറപ്പും നാട്ടിലെ ജല ക്ഷാമവും ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം നൽകിയത്. മെയിൻ കനാൽ കാട് തെളിച്ച് വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചു. പ്രധാന കനാലിൽ നിന്നുള്ള വെള്ളം ഇടുതകര, വലതുകര കനാലുകളിലൂടെയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ജലസേചനം നടത്തുന്നത്.
ജലക്ഷാമം രൂക്ഷം
റാന്നി താലൂക്കിലെ മിക്ക പ്രദേശങ്ങളിലും ജലക്ഷാമം ഇപ്പോൾ തന്നെ രൂക്ഷമാണ്. കനാലിന്റെ ഇരുവശത്തുള്ള വീടുകളിലെ കിണറുകളിലും കൈത്തോടുകളിലും നിരുറവയായി കനാൽ വെള്ളം ലഭിക്കുന്നതാണ് വേനൽക്കാലത്ത് നാട്ടുകാർക്ക് വലിയ ആശ്രയം. കുടിവെള്ള ടാങ്കറുകളിലും വെള്ളം സംഭരിക്കുന്നത് ഇത്തരം കിണറുകളിൽ നിന്നാണ്. കനാലിൽ വെള്ളം എത്തുന്പോൾ സമീപത്തെ കിണറുകളിലെ ജലനിരപ്പും നിലനിർത്താനാകും. കനാൽ വെള്ളം ലഭിക്കാതെ വന്നതോടെ കഴിഞ്ഞവർഷം കാർഷിക മേഖലയിലും നഷ്ടം സംഭവിച്ചു. വേനൽ കനക്കും മുമ്പ് കനാൽ വെള്ളം ലഭ്യമാക്കുന്നത് കൃഷിക്കാരേക്കാൾ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് ആശ്വാസമാകും.
Tags : Works at the Maniyar reservoir Maniyar reservoir NattuVishesham DistrictNews