പ്രതീകാത്മക ചിത്രം
മഞ്ചേരി : കരുവന്പ്രം വെസ്റ്റിൽ പ്രവർത്തിക്കുന്ന മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്ത് നിന്ന് പെരുന്പാന്പിനെ പിടികൂടി. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ തൊട്ടടുത്ത വീടിന്റെ ചുറ്റുമതിലിന് മുകളിലാണ് പാന്പിനെ കണ്ടത്.
വീടിന്റെ വരാന്തയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലിക പാന്പിനെ കണ്ടതോടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആർആർടിയെ അറിയിക്കുകയും സന്നദ്ധ പ്രവർത്തകരെത്തി പെരുന്പാന്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. സ്കൂൾ പരിസരത്ത് കാലങ്ങളായി കാടുകെട്ടി കിടക്കുകയാണ്. മൂർഖൻ അടക്കമുള്ള വിഷ സർപ്പങ്ങളെ പ്രദേശത്ത് കാണുന്നത് പതിവാണ്.
18 ഏക്കറിലധികം വരുന്ന കാന്പസിനകത്ത് ഹൈസ്കൂളിന് പുറമെ ഗവണ്മെന്റ് പോളിടെക്നിക്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗവണ്മെന്റ് ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും ജീവനക്കാരുമടക്കം രണ്ടായിരത്തോളം പേർ എത്തുന്ന കോളജ് കെട്ടിടത്തിന്റെ ചുറ്റുഭാഗവും കാട് നിറഞ്ഞ അവസ്ഥയിലാണ്. കാന്പസിന്റെ ചുറ്റുമതിൽ പലയിടങ്ങളിലും തകർന്നിട്ടുണ്ട്. ഇതുവഴിയാണ് സർപ്പങ്ങൾ കാന്പസിനകത്തേക്കും പുറത്തേക്കും പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി പേരുടെ ജീവന് ഭീഷണിയായ ക്ഷുദ്രജീവികളെ നിയന്ത്രിക്കുന്നതിനായി കാട് വെട്ടി വൃത്തിയാക്കണമെന്നും ചുറ്റുമതിൽ പുനർനിർമാണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
Tags : Python found NattuVishasham DistrictNews