അവസാനഘട്ട ടാറിംഗ് നടക്കുന്ന നെല്ലിപ്പള്ളി -ചാലിയക്കര റോഡ്.
പുനലൂര്‍ : നെല്ലിപ്പള്ളി-ചാലിയക്കര റോഡില്‍ ടാറിംഗ് അവസാന ഘട്ടത്തില്‍. ഇനി സെക്യൂരിറ്റി മാര്‍ക്കിംഗാണ് പൂര്ത്താവാനുള്ളത്. മാസങ്ങളോളം നാട്ടുകാരെ ചെളിയിലും പൊടിയിലും മുക്കിയ റോഡിന്റെ പുനരുദ്ധാരണത്തിനാണ് ഇതോടെ തീര്‍പ്പായത്. മരാമത്തുവകുപ്പിന്റെ പുനലൂര്‍ സബ്ഡിവിഷന് പരിധിയില്‍ അഞ്ചുകോടി രൂപ അടങ്കലില്‍ പുനരുദ്ധാരണം നടന്ന റോഡാണിത്. 7.7 കിലോമീറ്റര്‍ ദൈര്‍ഘ്യവും 3.8 മീറ്റര്‍ വീതിയുമുള്ള റോഡില്‍ ഒരു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണം തുടങ്ങിയത്.
ആദ്യഘട്ടമായി മെറ്റലിട്ടെങ്കിലും ടാര്‍ ചെയ്യാനായില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിറ്റുമിന്‍ വില കുത്തനെ ഉയര്‍ന്നതോടെ റോഡ് ടാര്‍ ചെയ്യാനാകാതെ പൊടിയില്‍ മുങ്ങി. നാട്ടുകാര്‍ പൊടിമൂലം നട്ടംതിരിയുന്നതിനിടെ മഴ തുടങ്ങി. അതോടെ റോഡ് ചെളിക്കുണ്ടായി. നേരത്തേ ഉറപ്പിച്ചിരുന്ന മെറ്റലിളകി റോഡിലുടനീളം വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ചെളിയും വെള്ളവും നിറഞ്ഞ റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ നെല്ലിപ്പള്ളി വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍ തോമസ് മണ്ണിലിന്റെ നേതൃത്വത്തില്‍ മരാമത്തുവകുപ്പ് അധികൃതര്‍ക്ക് പലതവണ പരാതി നല്കി.
പിന്നീട് ബിറ്റുമിന്‍ വാങ്ങാന്‍ കഴിഞ്ഞമാസം 30 വരെ സര്‍ക്കാര്‍ നല്കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് റോഡ് ടാര്‍ ചെയ്തത്. കഴിഞ്ഞദിവസം ടാറിംഗ് പൂര്‍ത്തിയാക്കി. പുനലൂര്‍ നഗരസഭയെയും പിറവന്തൂര്‍, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തുടങ്ങി കല്ലാര്‍, വിളക്കുവെട്ടംവഴി ചാലിയക്കരയില്‍ എത്തി ഇവിടെനിന്ന് ഉപ്പുകുഴി, മാമ്പഴത്തറ, നാഗമല, കഴുതുരുട്ടിവഴി കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്രവേശിക്കാം. ദേശീയപാതയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാല്‍ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡാണിത്.
Tags : Tarring work NattuVishasham DistrictNews