ഊരാമ പാടശേഖരത്തിലെ നിലത്തിൽ വരിനെല്ല് നെൽച്ചെടികൾക്ക് മുകളിൽ എത്തിയപ്പോൾ.
ചമ്പക്കുളം: കുട്ടനാട്ടിൽ രണ്ടാംകൃഷി ചെയ്യുന്ന മിക്ക പാടശേഖരങ്ങളിലും വരിനെല്ല് ശല്യം അതിരൂക്ഷം. 50 ദിവസത്തിലധികം പ്രായമായ നെൽച്ചെടികളോടൊപ്പമാണ് കതിർചൂടീ വരിനെല്ല് വളർന്നുകയറുന്നത്. നെൽചെടികൾ കതിർ വരുന്നതിന് ആഴ്ചകൾക്ക് മുൻപ് വരിനെല്ല് വിളവെത്തും.
വിളവെത്തിയാൽ വരിനെല്ല് കൊഴിഞ്ഞ് വീഴുകയും പാടശേഖരത്തിൽ തന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഓരോ കൃഷിയുടെ സമയത്തും ഇത് ആവർത്തിക്കപ്പെടും.
വരിനെല്ല് പൂർണമായും കുട്ടനാടൻ പാടശേഖരങ്ങളിൽ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. വിളവ് ഇല്ലാതാക്കുക മാത്രമല്ല, വരും വർഷങ്ങളിലേയ്ക്കുള്ള കൃഷി കൂടി നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
കള പറിക്കുന്ന അവസരത്തിൽ വരിപറിച്ച് കളയുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് തൊഴിലാളികളെ കിട്ടാനില്ലാത്തതും ജോലിക്ക് ഇറങ്ങുന്നവർക്ക് നെൽച്ചെടിയും വരിയും വേർതിരിച്ചറിയാതെ പോകുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഓരോ കൃഷിക്ക് ശേഷവും പാടശേഖരത്തിൽ വെള്ളം കയമ്പോൾ വരിനെല്ല് വിത്തുകൾ മറ്റ് കണ്ടങ്ങളിലേയ്ക്കും ഒഴുകിയെത്തും.
അതിനാൽ ഒരു പാടശേഖരത്തിലെ മുഴുവൻ കർഷകരും വരിനെല്ല് വിളവ് എത്തും മുൻപ് പറിച്ച് മാറ്റേണ്ടിവരും. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഒരു ജോലി ആയതിനാൽ പല കർഷകരും ഇതിന് തയാറാകുന്നില്ല.
വരിനെല്ലിന് ആയുസ് കുറവായതിനാൽ ഇവ വേഗത്തിൽ വളർന്ന് നെൽചെടികളെ ഞെരുക്കികളിയും. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിന് പുറമേ നെല്ലിനൊപ്പം സംഭരിക്കപ്പെടുന്ന വരിനെല്ല് നെല്ലിന്റെ ഈർപ്പം വർധിപ്പിച്ച് ഗുണമേന്മ കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച കേന്ദ്ര സംഘത്തിന് മുൻപാകെ വരിനെല്ല് ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണം എന്നാണ് കുട്ടനാട്ടിലെ കർഷകർ ആവശ്യപ്പെട്ടിരുന്നു.
വരിനെല്ല് നശീകരണത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് കർഷകരുടെ അഭിപ്രായം.
വരിനെല്ല് പ്രായമെത്തും മുൻപ് (കൊഴിഞ്ഞ് വീഴും മുൻപ്) പറിച്ചുമാറ്റണം. ഇവ കൃഷിയിടത്തിന് അടുത്ത് സൂക്ഷിക്കാതെ കത്തിച്ച് കളയണം.
വരി കയറിയാൽ നെൽച്ചെടികൾ വളരില്ല. ഇത് ഒഴിവാക്കാൻ ശാസ്ത്രീയ നിർദേശങ്ങൾ ആവശ്യമാണ്.
മാത്യു കാട്ടാംപള്ളി,
ചമ്പക്കുളം, കർഷകൻ
Tags : Local News Nattuvishesham Feral Rice Farmers