ക്രിസ്തുരാജ ആത്മീയ കേന്ദ്രത്തിന്റെ ആശീര്‍വാദം
വെള്ളറട : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ ആനപ്പാറ വിശുദ്ധ കുരിശ് ദൈവാലയത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ക്രിസ്തുരാജ ആത്മീയ കേന്ദ്രത്തിന്റെ ആശീർവാദവും പൊതുജന വണക്ക സമര്‍പ്പണവും നടന്നു.നെയ്യാറ്റിന്‍കര രൂപത എപ്പിസ്ക്കോപ്പല്‍ വികാരി മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ ആശീര്‍വാദം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ക്രിസ്തുരാജ തിരുനാള്‍ ദിവ്യബലിയ്ക്കും അദ്ദേഹം മുഖ്യകാര്‍മികത്വം വഹിച്ചു. തെക്കന്‍ കുരിശുമല സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ജെറാഡാള്ഡ് മത്യാസ് വചനപ്രഘോഷണം നടത്തി. ആനപ്പാറ ഇടവക സഹവികാരി ഫാ.അരുണ്‍ പി. ജിത്ത് സഹകാര്‍മികത്വം വഹിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ആറിനു ജപമാല, ലിറ്റിനി, നൊവേന, ക്രിസ്തുരാജ പാദപൂജ, ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ ആറുമുതല്‍ വൈകുന്നേരം ഏഴുവരെ വിശ്വാസികള്‍ക്ക് ആത്മീയകേന്ദ്രം സന്ദര്‍ശിക്കുവാനും പ്രാര്‍ഥിക്കുവാനും സൗകര്യം ഉണ്ടായിരിക്കും. ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍നിന്നും ആരംഭിച്ച ക്രിസ്തുരാജ പ്രഘോഷണ പദയാത്രയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
തിരുക്കര്‍മങ്ങള്‍ക്കും പദയാത്രയ്ക്കും ആനപ്പാറ ഇടവകയിലെ വിവിധ ശുശ്രൂഷാ സമിതികളും ബിസിസി കുടുംബ യൂണിറ്റുകളും നേതൃത്വം നല്കി. തുടര്‍ന്നു സ്നേഹവിരുന്നും നടന്നു.
Tags : Christ the King Spiritual Centre at Aanappara blessed blessed NattuVishesham DistrictNews