അനീഷ്
നേമം: വീട്ടിലെ നായയെ ഉപയോഗിച്ചു പൊ ലിസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ നരുവാമൂട് പൊലിസ് അറസ്റ്റുചെയ്തു. പള്ളിച്ചല്‍ കുളങ്ങരകോണം അംബികാ സദനത്തില്‍ അനീഷി(31) നെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ മൊട്ടമൂട് എംഎല്‍എ റോഡില്‍ ഒരു സംഘം മദ്യപിച്ചു ബഹളംവയ്ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ നരുവാമൂട് പൊലിസിനെ അനീഷ് ഭീഷണിപ്പെടുത്തുകയും വളര്ത്തുനായയെവിട്ടു കടിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച സിപിഒ പീറ്റര്‍ ദാസിനു ജീപ്പിലിടിച്ചു നടുവിനു പരിക്കേറ്റു. ജീപ്പിനകത്തേയ്ക്കു കയറിയതിനാല്‍ നായയുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.
എന്നിട്ടും അരിശം തീരാതെ അനീഷ് നായയുമായി ജീപ്പിനു മുന്നില്‍നിന്നു പൊലിസിനെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണില്‍ ദൃശ്യങ്ങളെടുത്തു ഡിജിപിക്കു മെയില്‍ അയച്ചാല്‍ തൊപ്പി തെറിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ട്. പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Tags : Threatening police using a pet dog Threatening NattuVishesham DistrictNews