പ്രതീകാത്മക ചിത്രം
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23-ാ മത് മരിയന്‍ തീര്‍ഥാടനം 13നു നടക്കും. എറണാകുളം നഗരത്തിൽ നിന്നുള്ള തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം, സെന്റ ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തിൽ ഉച്ചകഴിഞ്ഞു 3.30 ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങും. തുടർന്ന് ജപമാല കൈകളിലേന്തി പ്രാർഥനയുമായി വിശ്വാസി സമൂഹം തീർഥാടനം നടത്തും.
ഉച്ചകഴിഞ്ഞു 3.30 ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ യുവജന സംഘടനാ പ്രതിനിധികൾക്കു ദീപശിഖ കൈമാറിയാണു പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർഥാടനം ആരംഭിക്കുന്നത്. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്നു മംഗളകവാടത്തിൽ സ്വീകരിക്കും.വരാപ്പുഴ അതിരൂപതയുടെ 140-ാം വർഷത്തെ അനുസ്മരിച്ചു 140 ബഹുവർണ ബലൂണുകൾ പറത്തും.
വൈകുന്നേരം 4.30 ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും.
വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ വചനസന്ദേശം നല്‍കും. ബിഷപ് ഡോ. ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനാകും.
തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു.
Tags : Marian Pilgrimage NattuVishasham DistrictNews