പ്രതീകാത്മക ചിത്രം
തൊടുപുഴ: മഴ പിന്‍വാങ്ങിയെങ്കിലും ജില്ലയില്‍ പനിബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ 249 പേര് വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഈ മാസം 2703 പേര് പനി ബാധിച്ച് ജില്ലയില്‍ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണംകൂടി നോക്കിയാല്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.
ജില്ലയില്‍ ഇന്‍ഫ്ളുവന്‍സ കേസുകളും വര്‍ധിച്ചു. പനിബാധിതരില്‍ പലര്‍ക്കും രോഗം ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പനിയും ചുമയും ശരീര വേദനയുമായാണ് കൂടുതല്‍ പേരും ചികിത്സ തേടിയെത്തുന്നത്. പനി മാറിയാലും ക്ഷീണവും ചുമയും ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നുണ്ട്.
വൈറല്‍ പനിക്കു പുറമേ മറ്റു പകര്‍ച്ചവ്യാധികളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം ജില്ലയില്‍ നാലു പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് എച്ച്1 എന്‍1ഉം 15 പേര്‍ക്ക് ചിക്കന്‍പോക്സും രണ്ടു പേര്‍ക്ക് മഞ്ഞപ്പിത്തവും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു.
പനിയും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
അതേസമയം, പലയിടങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണവും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കുന്നതായി ആക്ഷേപമുണ്ട്.
Tags : Local News Nattuvishesham Viral fever persists