പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: നൂൽപ്പുഴ വടക്കാനാട്ടിലെ കർഷകർക്ക് ഇനി കാട്ടാനയെ പേടിക്കാതെ കൃഷിയിറക്കാം. വനാതിർത്തിയിൽ സ്ഥാപിച്ച സ്മാർട്ട് ഫെൻസിംഗിൽ ആന തട്ടുന്നതോടെ എഐ സാങ്കേതിക വിദ്യയിലൂടെ കർഷകരുടെ മൊബൈലിലേക്ക് മുന്നറിയിപ്പ് എത്തുകയും ഇതോടെ കാട്ടാന കൃഷിയിടത്തിൽ ഇറങ്ങുന്നത് കർഷകർക്ക് തടയാനാകുന്നതുമാണ് പുതിയ സാങ്കേതിക വിദ്യ. വടക്കനാട് മേഖലയിലെ 36 കിലോമീറ്റർ ദൂരത്തിലാണ് സ്മാർട്ട് ഫെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത്.
രൂക്ഷമായ കാട്ടാനശല്യം നേരിടുന്ന മേഖലയാണ് വടക്കനാട്. ഇതിനുപരിഹാരമായി കാട്ടാനകളെ പ്രതിരോധിക്കാൻ വടക്കനാട് ഗ്രാമത്തിനുചുറ്റും ഇരുപത്തിയൊന്ന് യൂണിറ്റുകളായി തിരിച്ച് വനംവകുപ്പ് സ്മാർട്ട് ഹാംഗിംഗ് ഫെൻസിംഗ് അടുത്തിടെ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിനുമുകളിലേക്ക് മരംമറിച്ചിട്ട് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങി നാശം വരുത്തുന്നത് തുടർന്നു. ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയിൽനിന്നാണ് എഐ സാങ്കേതികവിദ്യ സ്മാർട്ട് ഫെൻസിംഗുമായി കൂട്ടിചേർക്കുന്നത്. ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന നേത്രം സോഫ്റ്റ്വേർ കന്പനി മുൻകൈയ്യെടുത്താണ് എഐ വിദ്യകൂടി ചേർത്ത് കാട്ടാനയെ തടയുന്നത്.
തൂക്ക് ഫെൻസിംഗിലെ വൈദ്യുതി പ്രസരണത്തിന്റെ വ്യതിയാനം എഐ സങ്കേതിക വിദ്യയിലും അറിയും. എന്നാൽ വലിയ രീതിയിൽ വോൾട്ടേജ് വ്യതിയാനം സംഭവിച്ചാൽ വേലിയുടെ മുകളിലേക്ക് മരം വീണതാണെന്ന് മനസിലാക്കാനാകും.ഇങ്ങനെ സംഭവിക്കുന്പോൾ വിവരം ഉടനെ അതത് പ്രദേശത്ത് രൂപീകരിച്ച കർഷകരുടെ സംഘങ്ങളിലെ ഗ്രൂപ്പ് അഡ്മിൻമാർക്കും വനംവകുപ്പിനും സന്ദേശം നൽകും. ഇതിലൂടെ കാട്ടാന എത്തിയ കൃത്യമായ പ്രദേശം മനസിലാക്കാനും വനംവകുപ്പിന്റെ സഹായം വേഗത്തിൽ തേടി ആന കൃഷിയിടത്തിൽ ഇറങ്ങുന്നതിനുമുന്നേ തുരത്താനും ഇതിലൂടെ വിളകൾ സംരക്ഷിക്കാനും കർഷകർക്ക് സാധിക്കും.
വടക്കനാട് മേഖലയിൽ വിവിധ ഇടങ്ങളിലായി 2025 നവംബറിൽ അന്പത് തവണയാണ് കാട്ടാന ഇറങ്ങി നെൽകൃഷി വ്യാപകമായി നശിപ്പിച്ചത്. സ്മാർട്ട് ഫെൻസിംഗിൽ എഐ സാങ്കേതിവിദ്യ കൂട്ടിചേർത്തതോടെ കാട്ടാന ഇറങ്ങുന്നത് പത്തിൽ താഴെയാക്കാൻ ഈ നവംബറിൽ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി കാട്ടാനയുടെ ശല്യം തീരെഇല്ലാതായിട്ടുണ്ട്. വനംവകുപ്പിനെ സംബന്ധിച്ചും എഐ സാങ്കേതികവിദ്യ വലിയ ആശ്വാസമായിട്ടുണ്ട്. നെൽച്ചെടികൾ കതിരിട്ട് നിൽക്കുന്ന സമയത്ത് സ്ഥാപിച്ച എഐ സാങ്കേതിവിദ്യ സഹായം കർഷകർക്ക് വലിയ ആശ്വാസമാണ്. ഈ സങ്കേതികവിദ്യ സംസ്ഥാനമൊട്ടുക്കും നടപ്പാക്കിയാൽ കാട്ടാനശല്യം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നരുടെ പ്രതീക്ഷ.
പടം----എഐ----
വടക്കനാട് തൂക്ക് ഫെൻസിംഗിൽ നടപ്പാക്കിയ എഐ സങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിൽ വൈദ്യുതി വോൾട്ടേജ് പരിശോധിക്കുന്നു.
Tags : AI Technology in Hanging Fencing Hanging Fencing NattuVishesham DistrictNews