Editorial Audio
യുദ്ധം തുടങ്ങിയിട്ടു 10 ദിവസം കഴിഞ്ഞു. പുതുതായി രണ്ടു കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒന്ന്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സിബിഎസ് ന്യൂസിനോടു പറഞ്ഞത്, യുദ്ധം ഉടനെ തീർന്നേക്കുമെന്നാണ്. ഇതോടെ ആഗോളവിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവുണ്ടായി.
മറ്റൊരു കാര്യം, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്കുനേരേയുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരേ ചൈന രംഗത്തെത്തിയതാണ്. നേതാവിനെ തെരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും സൈനികനീക്കങ്ങൾ നിറുത്തണമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
ഇത്, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ ചൈനയും സൈനിക യൂണിഫോം അണിയുമെന്ന മുന്നറിയിപ്പായി ആരുമെടുത്തിട്ടില്ല. ഇറാനെ സഹായിക്കാൻ അൽപമെങ്കിലും ശേഷിയുള്ള ചൈനയും റഷ്യയും തുടരുന്ന നിസംഗത, അവരുടെ ദൗർബല്യവും അമേരിക്കയുടെ അപ്രമാദിത്വവും വെളിപ്പെടുത്തിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭ ചിത്രത്തിലില്ല. ഇറാൻ കീഴടങ്ങുകയോ ഇസ്രയേലും അമേരിക്കയും മതിയെന്നു തീരുമാനിക്കുകയോ ചെയ്യുവോളം യുദ്ധം നീളും. യുദ്ധം ഉടനെ അവസാനിച്ചേക്കുമെന്നു ട്രംപ് സൂചിപ്പിച്ചെങ്കിലും ഇറാൻ വഴങ്ങിയില്ലെങ്കിൽ കാര്യങ്ങൾ പഴയപടിയാകില്ല.
അമേരിക്കൻ, ഇസ്രേലി നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ ഹോർമുസ് കടലിടുക്കിലൂടെ പോകാൻ അനുവദിക്കൂ എന്നാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഹോർമുസിൽ വഴി തടഞ്ഞാൽ ഇതുവരെ അനുഭവിച്ചതിനേക്കാൾ ഇരുപതിരട്ടി തിരിച്ചടിയായിരിക്കും ഇറാൻ അനുഭവിക്കേണ്ടിവരികയെന്ന് ട്രംപും പറഞ്ഞു.
ഇന്ത്യയിലും പ്രതിസന്ധി തുടങ്ങി. പാചകവാതകത്തിനു വില വർധിപ്പിക്കുകയും നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. എണ്ണ ആഗോളവിപണിയിൽനിന്നു വെറുതേ കിട്ടിയാലും കൂട്ടിയതൊന്നും ഈ സർക്കാർ കുറയ്ക്കില്ലെന്ന ദുര്യോഗവും ഇന്ത്യക്കാർക്കുണ്ട്. ഇറാനിൽനിന്നു കയറ്റുമതി ചെയ്യുന്ന എണ്ണയിൽ 80 ശതമാനവും വാങ്ങുന്ന രാജ്യമാണ് ചൈന.
അമേരിക്കയെ ചെറുക്കാനുള്ള സഖ്യത്തിലെ മുഖ്യ പങ്കാളിയായിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയ് വധിക്കപ്പെട്ടതോടെ ചൈനയുടെ കരുത്ത് അമേരിക്ക തന്ത്രപരമായി കുറച്ചു. ചൈനയുടെ സാന്പത്തികവളർച്ചയും പരുങ്ങലിലാണ്.
ചൈന ഇറാനു കൊടുത്ത മിസൈൽവേധ സംവിധാനങ്ങൾ തോൽവിയായതു മറ്റൊരു വിഷയം. മൂന്നു ദിവസംകൊണ്ട് തീർക്കുമെന്നു വീന്പിളക്കി റഷ്യ തുടങ്ങിയ യുക്രെയ്ൻ അധിനിവേശം ഫെബ്രുവരി 24നു നാലു വർഷം തികച്ചു. തങ്ങൾ ഇത്രയ്ക്കേ ഉണ്ടായിരുന്നുള്ളൂ എന്ന് റഷ്യ ലോകത്തോടു വിളിച്ചുപറഞ്ഞതിനു തുല്യമായി കാര്യങ്ങൾ. ഇറാനെ പിന്തുണയ്ക്കാൻ പോയിട്ട്, സ്വന്തം കാര്യം നോക്കാൻ അവർക്കു പാങ്ങില്ല.
അമേരിക്കയുടെ സൈനിക-സാന്പത്തികശേഷി ട്രംപ് അധികാരത്തിലെത്തിയശേഷം ഉണ്ടായതല്ല. സ്വന്തം ബലം മുൻഗാമികൾ ഇത്ര പ്രകടിപ്പിച്ചിരുന്നില്ല എന്നേയുള്ളൂ. അതിനു കാരണം, ജനാധിപത്യമെന്ന ഭരണസംവിധാനമായിരുന്നിരിക്കാം. ജനാധിപത്യത്തെയും അന്തർദേശീയ മര്യാദകളെയുമൊക്കെ മത-കമ്യൂണിസ്റ്റ്-ഏകാധിപത്യ രാഷ്ട്രങ്ങളുടെ ശൈലിയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിച്ചു.
തിക്തഫലം ഇന്ത്യയും അനുഭവിച്ചു. ഫ്രണ്ടെന്നൊക്കെ വിളിച്ചത് വെറുതെയായിരുന്നു. ഒരു മാസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ചിരിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ‘ദയാവായ്പ്’ ഇന്ത്യയുടെ പരമാധികാരത്തെ അവഹേളിക്കുന്നതായി.
തങ്ങളുടെ സ്റ്റേറ്റുകളിൽ ഒന്നിനോടെന്നപോലെയുള്ള അമേരിക്കൻ പെരുമാറ്റത്തോട് നമ്മുടെ പ്രതികരണവും ദുർബലമായിപ്പോയി. ഇന്ത്യയുടെ ചരിത്രത്തിൽ ഇതൊക്കെ ആദ്യമാണ്. സ്വന്തം ജനങ്ങളെ അടിച്ചമർത്തുകയും മതകാർക്കശ്യങ്ങളുടെ തടവറയിൽ മാത്രം ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടമായിരുന്നു ഇറാനിലേത്.
പുതിയ പരമോന്നത നേതാവ്, പിതാവായ ഖമനയ്യെക്കാളും മതമൗലികവാദിയും അധികാരം ഉപയോഗിച്ച് പൊതുമുതൽ കവർന്ന് അതിസന്പന്നനായ വ്യക്തിയുമാണ്. തങ്ങളുദ്ദേശിച്ച ഒരു മാറ്റവും മുജ്തബ ഖമനയ്യിലൂടെ സാധ്യമല്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും അറിയാം. അദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ എത്തിക്കാനുള്ള ശ്രമം തത്കാലം വിജയിച്ചിട്ടില്ലെന്നേ പറയാനാകൂ.
ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനികനീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പറഞ്ഞ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി മറ്റൊന്നുകൂടി പറഞ്ഞിരുന്നു “കരുത്തുണ്ടെന്നത് ന്യായമുണ്ടെന്നതിനു തെളിവല്ല.” ടിബറ്റിലും തായ്വാനിലുമൊക്കെ തങ്ങൾക്കതു ബാധകമല്ലെന്നു ചൈന കരുതുന്നുണ്ടെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്.
സ്വന്തം ജനങ്ങളെ മതമൗലികവാദത്തിന്റെ തടവറയിലിട്ടിരിക്കുന്ന ഇറാൻ, ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളായ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂതികളെയുമൊക്കെ ഇസ്രയേലിനെതിരേ സജ്ജമാക്കി നിർത്തിയ രാജ്യമാണ്.
ഒരിക്കൽ സോവ്യറ്റ് യൂണിയനെതിരേ അമേരിക്ക അൽ ക്വയ്ദയെ വളർത്തിയതുപോലെ. ഈ യുദ്ധവും ചിലർക്കു സമാധാനം കൊടുത്തേക്കാം. പക്ഷേ, മറ്റുള്ളവരുടെ കാര്യത്തിൽ ഒരുറപ്പുമില്ല. പുതിയ ആഗോള ധ്രുവീകരണത്തിനു കാരണവുമാകും.
Tags : united states iran donald trump israel