നിക്ഷേപകർക്കു നഷ്ടം 12 ലക്ഷം കോടി
മുംബൈ/ലണ്ടൻ: കോവിഡ് -19 എന്ന കൊറോണ വൈറസ് വ്യാപനം ആഗോളതലത്തിൽ സാന്പത്തിക മാന്ദ്യഭീതി വളർത്തുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും രോഗബാധ ഉണ്ട്. ആഫ്രിക്കയിൽ ദാരിദ്ര്യവും രോഗങ്ങളും ഏറ്റവും കൂടുതലുള്ള മേഖലകളിൽ (സഹാറമരുഭൂമിക്കു തെക്കുള്ള പ്രദേശം) രോഗം എത്തി. വൈറസ് ബാധ നിയന്ത്രണത്തിലല്ല എന്നു വന്നതോടെ കൂടുതൽ രാജ്യങ്ങൾ സഞ്ചാര വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡ് ആയിരത്തിലേറെപ്പേർ പങ്കെടുക്കുന്ന പരിപാടികൾ വിലക്കി.
വ്യാഴാഴ്ച യൂറോപ്യൻ, അമേരിക്കൻ ഓഹരി വിപണികൾ കുത്തനേ വീഴുകയായിരുന്നു. ഡൗജോൺസ് സൂചിക ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വീഴ്ചയായ 1190 പോയിന്റ് ഇടിവ് കുറിച്ചു. ഒരാഴ്ചകൊണ്ടു ഡൗ സൂചിക 3000 പോയിന്റ് നഷ്ടപ്പെടുത്തി. യൂറോപ്യൻ സൂചികകൾ മൂന്നു ശതമാനം ഇടിഞ്ഞു.
ഇന്നലെ ചൈനീസ്, ജാപ്പനീസ്, കൊറിയൻ ഓഹരി സൂചികകൾ മൂന്നു ശതമാനം വീതം ആണ്. അവയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും കൂപ്പുകുത്തി.
ഇതോടെ ഇന്ത്യൻ ഓഹരി വിപണിക്ക് ആറുദിവസം കൊണ്ട് 12 ലക്ഷം കോടി രൂപയായി നഷ്ടം. മൊത്തം വിപണി മൂല്യം 146.87 ലക്ഷം കോടി രൂപയായി താണു. ഇന്നലെ മാത്രം 5.45 ലക്ഷം കോടി രൂപ നഷ്ടമായി.
ആഗോളതലത്തിൽ വ്യാഴാഴ്ച രാത്രിയോടെ ഈയാഴ്ചത്തെ നഷ്ടം മൂന്നു ലക്ഷം കോടി ഡോളർ (216 ലക്ഷം കോടി രൂപ) ആയി.
വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് ഇന്ത്യൻ ഓഹരികൾക്കു കൂടുതൽ ക്ഷീണമായത്. ഈയാഴ്ച മാത്രം 9389 കോടി രൂപയാണു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചത്.
ഈ ദിവസങ്ങളിലെ വിപണി തകർച്ച 2008ലെ വിപണി തകർച്ചയെ അനുസ്മരിപ്പിക്കുന്നതാണെന്നു ബ്രോക്കർമാർ പറഞ്ഞു. ഓഹരികളുടെ ഗുണദോഷങ്ങൾ നോക്കിയോ കന്പനികളുടെ ഭാവി സാധ്യതകൾ പരിഗണിച്ചോ അല്ല ഈ ദിവസങ്ങളിൽ വിപണി നീങ്ങിയത്.
മുകേഷ് അംബാനിക്കു നഷ്ടം 36,000 കോടി രൂപ
ഓഹരി വിപണിയിലെ വൻ തകർച്ചയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സന്പന്നനു നഷ്ടമായത് 36,000 കോടി രൂപ. റിലയൻസ് ഗ്രൂപ്പിലെ ഓഹരികളുടെ വിലയിൽ മൊത്തം 53,706 കോടി രൂപയുടെ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസ്, നെറ്റ് വർക്ക് 18, ടിവി18, ഡെൻനെറ്റ് വർക്ക്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണു ഗ്രൂപ്പ് കന്പനികൾ.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയ്ക്ക് 6365 കോടി രൂപയാണ് നഷ്ടമായത്. ഐടി ഭീമൻ അസിം പ്രേംജിക് 6257 കോടി, ഗൗതം അദാനിക്ക് 3571 കോടി എന്നിങ്ങനെയാണു നഷ്ടം.
കന്പോളത്തിൽ ഇനി എന്ത്?
കോവിഡ്-19 ബാധയുടെ ഫലമായി വിപണികൾ തകർന്നു. ഇനി എന്ത് ? എന്നേക്കു വിപണികൾ തിരിച്ചു കയറും?
പല സാധ്യതകളാണുള്ളത്
ഒന്ന്: മാർച്ചോടെ രോഗ വ്യാപനം തടയുക. അപ്പോൾ ചൈനയിൽ ഫാക്ടറികൾ മുഴുവൻ ഏപ്രിലോടെ തുറന്നു പ്രവർത്തിക്കാനാവും. ജനുവരി-മാർച്ചിലെ ആഗോള വളർച്ച 2.5 ശതമാനം മാത്രമായിരിക്കും. പക്ഷേ ഏപ്രിൽ മുതൽ സാധാരണ നിലയിലാകും.
ഫലം: വിപണികൾ തിരിച്ചു കയറും. ഇപ്പോഴത്തെ തകർച്ച വാങ്ങൽ അവസരമാക്കി മാറ്റാം
രണ്ട്: രോഗവ്യാപനം ജൂൺ വരെ തുടരുക. മേയ് അവസാനം വരെ ഇപ്പോഴത്തെ നിലയിൽ മരണവും മറ്റും നടക്കും. ഇങ്ങനെ വന്നാൽ ജനുവരി-ജൂൺ കാലത്ത് ആഗോള വളർച്ച 2.4 ശതമാനം മാത്രമാകും. ജൂലൈ മുതലേ ഉണർവുണ്ടാകൂ.
ഫലം: വിപണി ദീർഘകാലത്തേക്ക് താഴ്ന്ന നിലവാരത്തിലായിരിക്കും. ഓഹരിവില കൂടാൻ വർഷാവസാനം വരെ കാത്തിരിക്കണം.
മൂന്ന്: രോഗ വ്യാപനം സെപ്റ്റംബർ വരെ നീളുക. 2020-ലെ ആഗോള വളർച്ച വളരെ മോശമാകും. പല രാജ്യങ്ങളും മാന്ദ്യമനുഭവിക്കും. കന്പനികളുടെ വാർഷിക ലാഭം പോലും നാമമാത്രമാകും. പല വ്യവസായങ്ങളും തകരും.
ഫലം: കന്പനികൾ പലതും പാപ്പരാകാം. പലിശ കുറച്ചും കടപ്പത്രങ്ങൾ വാങ്ങിയും കേന്ദ്രബാങ്കുകൾ ഇടപെട്ടാലേ വിപണി കരകയറൂ.
ആത്മവിശ്വാസം പരിഭ്രാന്തിക്കു വഴിമാറി: രഘുറാം രാജൻ
സിംഗപ്പൂർ: “ഒരാഴ്ചകൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു; ഉറച്ച ആത്മവിശ്വാസത്തിൽനിന്ന് കടുത്ത പരിഭ്രാന്തിയിലേക്കു ലോകം മാറി.’’
കോവിഡ്-19 പടരുന്നതിനെത്തുടർന്നുള്ള കന്പോള ആശങ്കകളെ പരാമർശിച്ചു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞു. ഒരു ദശകം മുന്പത്തെ സാന്പത്തികമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം സാന്പത്തിക നിലയിലേക്കാണു ലോകം പോകുന്നത്. ഗവൺമെന്റുകൾ ഇപ്പോൾ ചെയ്യേണ്ടത് രോഗവ്യാപനം തടയുകയാണ്. സാന്പത്തിക ഉത്തേജനം പോലുള്ള കാര്യങ്ങൾ പിന്നെ മതി. രോഗവ്യാപനം തടയുമെന്നു ജനങ്ങൾക്കു ബോധ്യം വരണം.-ബ്ലുംബർഗ് ടിവിയിൽ ഡോ.രാജൻ പറഞ്ഞു.
ഐഎംഎഫിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് ആയ അദ്ദേഹം ഇപ്പോൾ ചിക്കാഗോയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രഫസറാണ്.
രോഗബാധ കന്പനികളെ ആഗോളവൽക്കരണ കാര്യത്തിൽ പുനർചിന്തനത്തിനു പ്രേരിപ്പിച്ചെന്നു വരും. അസംസ്കൃത പദാർഥങ്ങളും ഘടകപദാർഥങ്ങളും എവിടെനിന്നു വാങ്ങണം.
ഉത്പാദനശാലകൾ എവിടെ സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ പുനരാലോചന ഉണ്ടായേക്കും. ഡോ. രാജൻ പറഞ്ഞു