കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാ​ജ്യ​ത്ത് 15 വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കൗമാരക്കാർക്ക് ജ​നു​വ​രി മൂ​ന്നുമു​ത​ൽ പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കിത്തുട​ങ്ങു​മെന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്കൂ​ൾ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും തീ​രു​മാ​നം സ​ഹാ​യി​ക്കും.

കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ക​രു​ത​ൽ ഡോ​സ് ജ​നു​വ​രി പ​ത്തു മു​ത​ൽ ആ​രം​ഭി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധരം​ഗ​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ളവർക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​രു​ത​ൽ വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ക്കാം.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പിനു​ള്ള ദേ​ശീ​യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ (എ​ൻ​ടി​എ​ജി​ഐ) നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ക​രു​ത​ൽ വാ​ക്സി​നു​ക​ൾ ആ​ദ്യ ര​ണ്ടു ഡോ​സ് വാ​ക്സി​നു​ക​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ക​രു​ത​ൽ വാ​ക്സി​ൻ എ​ന്ന​തുകൊ​ണ്ടുദ്ദേ​ശി​ക്കു​ന്ന​ത് മൂ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ന്ന​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​രു​ത​ൽ ഡോ​സു​ക​ൾ എ​ന്ന പേ​രി​ൽ ര​ണ്ടു ഡോ​സ് കോ​വി​ഷീ​ൽ​ഡോ കോ​വാ​ക്സി​നോ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മൂ​ന്നാ​മ​തൊ​രു ഡോ​സ് കൂ​ടി സ്വീ​ക​രി​ക്കു​ക എ​ന്ന​തല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​രു​ത​ൽ വാ​ക്സി​നു​ക​ളാ​യി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വാ​ക്സി​നു​ക​ളെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രുംദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി "ബ​യോ​ള​ജി​ക്ക​ൽ ഇ’ ​എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യു​ടെ കോ​ർ​ബി​വാ​ക്സ്, സി​റം ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വോ​വാ​ക്സ്, ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ചതും മൂ​ക്കി​ൽക്കൂടി ന​ൽ​കു​ന്നതുമായ ഇ​ൻ​ട്രാ നേ​സ​ൽ വാ​ക്സി​ൻ, സൈ​ഡ​സ് കാ​ഡി​ല​യു​ടെ ജ​നി​ത​ക വാ​ക്സി​നാ​യ സൈ​ക്കോ​വ് ഡി, ​പൂ​ന ആ​സ്ഥാ​ന​മാ​യ ജെ​ന്നോ​വ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ തു​ട​ങ്ങി​യവ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

രാ​ഹു​ൽ ഗോ​പി​നാ​ഥ്