കൊറോണ വൈറസ് ഭീതി: ഗൾഫ് നാടുകളിലെ യാത്രാനിയന്ത്രണം പ്രവാസികളെ വലയ്ക്കുന്നു
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നു ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രകള്‍ക്കു പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ ആശങ്കയിൽ. സൗദിഅറേബ്യയിലും ബഹറിനിലുമാണ് ഇപ്പോള്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്കും ജോബ് വിസയില്‍ ആദ്യമായി എത്തുന്നവര്‍ക്കുമാണ് നിയന്ത്രണമുള്ളത്.
ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവധിക്കു നാട്ടിൽ പോയി മടങ്ങിയെത്തുന്നതിന് നിലവില്‍ കാര്യമായ നിയന്ത്രണമില്ലെങ്കിലും വൈറസ് ഭീഷണി തുടര്‍ന്നാല്‍ വൈകാതെ ഇക്കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കാരണത്താല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ബാധിക്കുന്നതും സംസ്ഥാനത്തുനിന്നുള്ളവരെയാണ്.
ബഹറിനില്നിന്നു കേരളത്തിലേക്കു വരുന്നതിനും നിയന്ത്രണമുണ്ട്. ബഹറിനിലെ സ്കൂളുകള്‍ താല്കാലികമായി അടച്ചതുമൂലം നാട്ടിലേക്കു വരാനിരുന്നവർക്ക് ഇതുമൂലം യാത്ര മുടങ്ങി. കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കാണ് സൗദിഅറേബ്യ ആദ്യം താല്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്കും ജോലി തേടി എത്തുന്നവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇത്തരം യാത്രക്കാരുമായി ചെല്ലുന്ന വിമാനങ്ങള്‍ക്ക് മടക്കയാത്രയ്ക്കു മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. യാത്രക്കാരുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വിമാനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അനുമതി നല്‍കൂ. പുതിയ ജോബ് വിസ ലഭിച്ചവർ നിശ്ചിത സമയത്തിന് മുന്‍പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകും. നാട്ടിലെ മധ്യവേനല്‍ അവധിക്കു കുടുംബത്തെ ഗള്‍ഫില്‍ എത്തിക്കാന്‍ തീരുമാനിച്ച പ്രവാസികള്‍ക്കും നിയന്ത്രണം തിരിച്ചടിയായി.
യാത്രാനിരോധനം ഏര്‍പ്പെടുത്തിയതോടെ ആയിരക്കണക്കിന് ഉംറ തീര്‍ഥാടകരും നിരാശയിലാണ്. മധ്യവേനല്‍ അവധിക്കാലമായ മേയ് മാസത്തിലാണ് റംസാൻ എന്നതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് ഉംറ നിര്‍വഹിക്കാന്‍ തയാറായിരുന്നത്. ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഏപ്രില്‍-മേയ് മാസങ്ങളിലെ യാത്രാ ടിക്കറ്റുകളില്‍ ബഹുഭൂരിഭാഗവും ഇതിനകംതന്നെ ബുക്കിംഗ് കഴിഞ്ഞിരുന്നു.