കോവിഡ് 19: സംസ്ഥാനത്ത് 1,116 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കോവിഡ് 19 രോഗബാധ സംശയിച്ച് സംസ്ഥാനത്ത് 1,116 പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിരീക്ഷണത്തിലുള്ളവരിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ് കഴിയുന്നത്. വീടുകളിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഇവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗം സംശയിക്കുന്ന 807 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 717 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ സ്ഥിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജാഗ്രതയോടെ എല്ലാവരും പ്രവർത്തിച്ചാൽ മാത്രമേ രോഗം വ്യാപിക്കുന്നത് തടയാൻ കഴിയൂ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
രോഗബാധയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം കക്ഷി നേതാക്കളുമായി ചർച്ച ചെയ്തുവെന്നും സാഹചര്യം പോലെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.